പൊട്ടിക്കരഞ്ഞ് ബിഷപ്പ് ഫ്രാങ്കോ, പുറത്ത് ലഡു വിതരണം; കോടതിയിൽ നാടകീയ രംഗങ്ങൾ

105 ദിവസത്തെ രഹസ്യ വിചാരണയ്ക്ക് ശേഷമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ കോടതി വിധി പറഞ്ഞത്.

Update: 2022-01-14 06:58 GMT
Editor : abs | By : abs
Advertising

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിധി പറയുന്ന വേളയിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ. നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പു തന്നെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പിന്നാമ്പുറത്തു കൂടെ കോടതിയില്‍ പ്രവേശിച്ചിരുന്നു. ആദ്യ കേസായി തന്നെ കോടതി ഈ കേസ് പരിഗണിച്ചു. കേസില്‍ വെറുതെ വിട്ടു എന്ന ഒറ്റവരി വിധി പ്രസ്താവമാണ് ജഡ്ജി ജി. ഗോപകുമാര്‍ നടത്തിയത്. വിധി കേട്ടയുടൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പൊട്ടിക്കരഞ്ഞു. ബന്ധുക്കളെ കെട്ടിപ്പിടിച്ചു. അനുയായികളുടെ അകമ്പടിയോടെയാണ് കോടതിക്ക് പുറത്തേക്കു വന്നത്. മാധ്യമങ്ങൾ ചുറ്റും കൂടിയിട്ടും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

പിന്നീട് കാറിൽ കയറിയ വേളയിൽ ദൈവത്തിന് സ്തുതി എന്നു മാത്രം പ്രതികരിച്ചു. നീതി ലഭിച്ച എന്ന ചോദ്യത്തോടായിരുന്നു ബിഷപ്പിന്റെ മറുപടി. കൂടുതൽ സംസാരിക്കാതെ കാറിൽ കയറി പോകുകയും ചെയ്തു. ബിഷപ്പ് പുറത്തു വന്ന വേളയിൽ പ്രൈസ് ദ ലോർഡ് എന്നു വിളിച്ച് അനുയായികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. മധുര വിതരണവും നടന്നു.

105 ദിവസത്തെ രഹസ്യ വിചാരണയ്ക്ക് ശേഷമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ കോടതി വിധി പറഞ്ഞത്. വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്. വിധി പ്രസ്താവത്തിന് മുമ്പെ ബോംബ്, ഡോഗ് സ്‌ക്വോഡുകളും കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. കോട്ടയം ഡിവൈ.എസ്പിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സന്നാഹം.

Full View

ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്. ഈ കേസുകളിലെല്ലാം കോടതി ബിഷപ്പിനെ കുറ്റവിമുക്തമാക്കി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത പ്രസ്താവനയിൽ അറിയിച്ചു.

എന്താണ് കേസ്

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. വിചാരണക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞിരുന്നു.

105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരെയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി. 2018 ജൂൺ 27നാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

അസാധാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് അസാധാരണ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻ കോട്ടയം എസ്.പി എസ്. ഹരിശങ്കർ. ഇരയുടെ മൊഴി തന്നെ പരിഗണിക്കാമെന്നാണ് സുപ്രിം കോടതിവിധി. അതുകൊണ്ട് തന്നെ ഞെട്ടലുണ്ടാക്കുന്നു. വിധിക്കെതിരെ അപ്പീൽ പോകുമെന്നും ഹരിശങ്കർ വ്യക്തമാക്കി.

നീതിന്യായ വ്യവസ്ഥക്ക് തന്നെ വിധി അദ്ഭുതകരമാകും. നിർഭാഗ്യകരമായ വിധിയാണ്. പീഡിപ്പിക്കപ്പെട്ടപ്പോൾ തന്നെ സ്ത്രീ പ്രതികരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കന്യാസ്ത്രീയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. വിവരം പുറത്ത് പറയാൻ കഴിയാത്ത വിഷമത്തിലായിരുന്നു. ഏറെ നാൾ കന്യാസ്ത്രീ സഭയ്ക്ക് അകത്ത് തന്നെ വിഷയം പരിഹരിക്കാൻ ശ്രമം നടന്നിരുന്നു. കേസ് നൽകാൻ വൈകിയതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. എല്ലാവരും കൃത്യമായി മൊഴി നൽകിയ കേസാണ്. മെഡിക്കൽ തെളിവുകളും ശക്തമായിരുന്നു. അന്വേഷണ സംഘത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്- ഹരിശങ്കർ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News