കാന്തപുരത്തിൻ്റെ മോദി സന്ദർശനം LDF നെയും UDF നെയും അസ്വസ്ഥപ്പെടുത്തുന്നത്; എ.പി. അബ്ദുല്ലക്കുട്ടി
കേരളത്തിൻ്റെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും അബ്ദുല്ലക്കുട്ടി
കാന്തപുരം അബൂബക്കർ മുസ്‍ലിയാർ പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചപ്പോൾ. ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി, ഭാരതത്തിൽ മുസ്‍ലിംകൾക്ക് പ്രയാസങ്ങളില്ല എന്ന പ്രസ്താവന നടത്തിയതിൻ്റെ പേരിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ കുറ്റം പറയുന്നവരെ വിമർശിച്ച് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുല്ലക്കുട്ടി. 'കാന്തപുരം പറഞ്ഞതും മുന്നണികൾ കേട്ടതും' എന്ന തലക്കെട്ടിൽ സംഘ പരിവാർ പത്രമായ ജന്മഭൂമിയിൽ എഴുതിയ ദീർഘമായ ലേഖനത്തിലാണ് കാന്തപുരത്തിനെ മുക്തകണ്ഠം പ്രശംസിച്ചും കാന്തപുരത്തെ വിമർശിക്കുന്ന മുസ്‍ലിം സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ചും ബിജെപി അഖിലേന്ത്യാ നേതാവ് രംഗത്തു വന്നത്.
'ഭാരതത്തിൽ മുസ്‍ലിംകൾ സുരക്ഷിതരാണ് എന്ന കാന്തപുരം അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയാണല്ലോ ഇപ്പോഴത്തെ വിവാദം. പ്രധാന മന്തിയെ കണ്ടു ചർച്ച നടത്തിയ ശേഷം ഉസ്താദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞതിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്: 'ഇന്ത്യൻ മുസ്‍ലിംകൾ സുരക്ഷിതരാണ്, എന്ന് മാത്രമല്ല കേന്ദ്ര സര്ക്കാരിൻ്റെ പ്രവർത്തനങ്ങളുമായി കൈകോർത്ത് മുന്നോട്ട് പോകും'. ഈ പ്രസ്താവന വളരെ കൃത്യവും വ്യക്തവും പോസിറ്റീവും ആണ്'- ലേഖനത്തിൻ്റെ ആദ്യ ഖണ്ഡികയിൽ തന്നെ അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. കാന്തപുരത്തെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും കടുത്ത വിമർശനമാണ് ബിജെപി നേതാവ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി സ്വാധീനത്തിൻ്റെ ഫലമായിരിക്കും വി.ഡി. സതീശൻ്റെ ഈ നിലപാട്. സബ് കാ സാഥ്, സബ് കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തെ അന്വർഥമാക്കുന്ന ഭരണമാണ് നിലനിൽക്കുന്നത്. അതിനുള്ള ഏറ്റവും നല്ല അംഗീകാരമാണ് കേരളത്തിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനായ എ.പി. അബൂബക്കർ മുസ്‌ലിയാരിൽ നിന്ന് ഉണ്ടായത്. പക്ഷേ, കേരളത്തിലെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ നേതൃത്വത്തിൽ എസ്ഡിപിഐക്കാരും എൽഡിഎഫിലെയും യുഡിഎഫിലെയും ചില നേതാക്കളും മാത്രമാണ് നരേന്ദ്ര മോദിയുടെ സർക്കാർ മുസ്‍ലിംക വേട്ടയാടുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് '- അബ്ദുല്ലക്കുട്ടി തുടർന്നു.
'കേരളത്തിൽ ഏറ്റവും കൂടുതൽ മുസ്‍ലിംകൾക്ക് സ്വാധീനമുള്ളത് സുന്നി പ്രസ്ഥാനങ്ങൾ ആണ്. പൊതുവെ ഇകെ, എപി എന്നാണ് ഇവരെ എളുപ്പത്തിൽ തിരിച്ചറിയാൻ വിളിക്കപ്പെടുന്നത്. കേരളത്തിലെ മുസ്‍ലിംകളിലെ 90 ശതമാനവും ഈ സുന്നി സംഘടനകളുടെ നിയന്ത്രണത്തിലാണ്. അവരാണ് ഔദ്യോഗിക വിഭാഗം. അവരാണ് ആധികാരിക വിഭാഗം. പക്ഷേ കേരളത്തിൽ ഉള്ള പൊതുബോധം, മുസ്‍ലിംകളിലെ ഉൽപതിഷ്ണുക്കൾ, പുരോഗമനവാദികൾ മുജാഹിദാണ്, സലഫിയാണ്, ജമാഅത്താണ് എന്നുള്ളതാണ്. സുന്നികൾ പഴഞ്ചൻമാരും യാഥാസ്ഥികരും ആണ് എന്നാണ് പ്രചാരണം. ഇത് ശരിയാണോ എന്ന് പ്രബുദ്ധ കേരളം പുനരവലോകനം ചെയ്യണം. കൗതുകകരമായ കാര്യം, കേരളത്തിലെ കോൺഗ്രസിലെയും സിപിഎമ്മിലെയും മുസ്‍ലിം ലീഗിലെയും പ്രമുഖ നേതാക്കൾ എല്ലാം സുന്നി വിരുദ്ധൻമാരാണ് എന്നുള്ളതാണ്. പലരും മുജാഹിദ്, സലഫി, ജമാഅത്ത് വിഭാഗത്തിനോട് ഇഷ്ടം പ്രകടിപ്പിക്കുന്നവരാണ്. സത്യത്തിൽ സുന്നി വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള ചില തർക്കങ്ങളുടെയും സൗന്ദര്യ പിണക്കത്തിൻ്റെയും അടിസ്ഥാന കാര്യങ്ങൾ പോലും ലീഗിലെ പ്രമാണിമാരായ നേതാക്കൾ എല്ലാം മുജാഹിദ്, സലഫി വിഭാഗം ആയതാണ്' - അബ്ദുല്ലക്കുട്ടി തുടർന്നു.
' ദേശസ്നേഹം ഈമാൻ്റെ ഭാഗമാണ് എന്ന് സുന്നികളുടെ മദ്റസയിൽ പഠിച്ച വിദ്യാർഥിയാണ് ഈയുള്ളവൻ. കേരളത്തിലെ മുസ്‌ലിം സംഘടനകളെ കുറിച്ച് ഒരു പുനർവിചിന്തനവും പഠനവും ആവശ്യമാണ്. ഈ ഗുരുതരമായ വിഷയത്തെ കുറിച്ച് ഉള്ളുതുറന്ന് ചർച്ച ചെയ്യാൻ മതേതര കേരളം തയാറാവണം' - അബ്ദുല്ലക്കുട്ടി എഴുതി.