കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തിടത്തോളം ഇത് തുടര്‍ക്കഥയാകും, എല്ലാം ശരിയാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല: ഹര്‍ഷിന

കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്

Update: 2026-02-20 07:01 GMT

കോഴിക്കോട്: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫിന് പിന്തുണയുമായി ഹര്‍ഷിന. 2017ല്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ഏറെക്കാലമായി സമാന ദുരിതമനുഭവിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലാണ് ഹര്‍ഷിന സമരമിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തിടത്തോളം ഇത് തുടര്‍ക്കഥയാകുമെന്ന് ഹര്‍ഷിന പറഞ്ഞു.

'കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തിടത്തോളം ഇത് തുടര്‍ക്കഥയാകും. എല്ലാം ശരിയാക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെയും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഒമ്പത് വര്‍ഷമായി ദുരിതം പേറുകയാണ്. കത്രിക പുറത്തെടുത്ത ശേഷവും നിത്യരോഗിയായി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഒരു സഹായവും ഇതുവരെയും ലഭിച്ചില്ല. ഹര്‍ഷിനക്ക് പലതും ചെയ്തുകൊടുത്തുവെന്ന മന്ത്രിയുടെ പ്രതികരണം ഇന്ന് കാണുകയുണ്ടായി. ഒരു സഹായവും ഇന്നേവരെ ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ കേസ് തെളിയിച്ചിട്ടും ഇതുവരെയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. സഹായം ചെയ്തുതരില്ലെന്നായിരുന്നെങ്കില്‍ അത് നേരിട്ട് പറയാമായിരുന്നല്ലോ. ഉഷ ജോസഫിന്റെ കാര്യം ആലോചിക്കുമ്പോഴേ വിഷമം തോന്നുകയാണ്. ചികിത്സാപിഴവിലും ആരോഗ്യവകുപ്പിന്റെ അനാസ്ഥയിലും ഒരു നടപടിയും ഉണ്ടാകില്ലെന്നതാണ് അനുഭവം. ഇരയോടൊപ്പമെന്ന് തോന്നിപ്പിക്കലിലൂടെ കുറ്റക്കാരോടൊപ്പം നില്‍ക്കലാണ് ഇതുവരെയുള്ള അനുഭവം'. ഹര്‍ഷിന പറഞ്ഞു.

Advertising
Advertising

'അമ്പത് വര്‍ഷമായാലും ഒന്നും സംഭവിക്കില്ലെന്നാണ് ഡോക്ടര്‍ ലളിതാംബിക പറഞ്ഞത്. അത് ശരിയാണ്. ചെയ്തവര്‍ക്ക് ഒന്നും സംഭവിക്കാനില്ലാത്തതിനാല്‍ പേടിക്കാനില്ല. എന്നാല്‍, ഇത് നേരിടേണ്ടിവന്ന ഇരകളുടെ ജീവിതം അങ്ങനെയല്ല. എത്രത്തോളം വേദന അനുഭവിക്കുന്നുവെന്നത് ആര്‍ക്കും വരച്ചുകാണിക്കാന്‍ കഴിയില്ല. ദൈവഭാഗ്യം കൊണ്ടാണ് കത്രിക പുറത്തെടുത്തതിന് ശേഷവും ജീവനോടെയിരിക്കുന്നതെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പറഞ്ഞത്. എന്നിട്ടും ചിരിച്ചാസ്വദിച്ച് അത് പറയുന്നത് കേള്‍ക്കുമ്പോള്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാനാവില്ല'. ഇവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കില്ലെന്ന ഉറപ്പാണ് ഇങ്ങനെ പറയാനും ചെയ്യാനും അവരെ പ്രേരിപ്പിക്കുന്നതെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ഇക്കാര്യം അന്വേഷണങ്ങളില്‍ വ്യക്തമായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഡോക്ടര്‍മാര്‍ക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്തു. ഇത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ഷിന മുന്‍പും പല ഘട്ടങ്ങളിലായി സമരത്തിനിറങ്ങിയിരുന്നു. നേരത്തെ 104 ദിവസം തുടര്‍ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹര്‍ഷിന പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News