നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ; ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുള്ളതായി പരാമർശമുണ്ടായിരുന്നില്ല
തിരുവനന്തപുരം: കണ്ണൂരിൽ മരിച്ച എ.ഡി.എം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുള്ളതായി പരാമർശമുണ്ടായിരുന്നില്ല.
എഡിഎമ്മിന്റെ മരണത്തിന് തൊട്ടടുത്ത ദിവസം പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെ കുറിച്ച് വിവരിക്കുന്നത്.. ശരീരത്തിന്റെ ഓരോ ഭാഗങ്ങളും പരിശോധിച്ചുള്ള റിപ്പോർട്ടിൽ ഈ വിവരമുണ്ടെങ്കിലും ശരീരത്തിൽ എവിടെയും മുറിവുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. രണ്ട് റിപ്പോർട്ടുകളും തമ്മിലുള്ള വൈരുധ്യം ദുരൂഹതകൾ വർധിപ്പിക്കുകയാണ്.
ഇന്നലെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പൂർണവിവരം പുറത്തു വന്നത്. ഇതിലെവിടെയും മുറിവുകളെ പറ്റിയോ രക്തക്കറയെ പറ്റിയോ സൂചനയില്ല. ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വെളിപ്പെടുത്തലിന് പിന്നാലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബാഹ്യഇടപെടലുണ്ടായോ എന്ന സംശയം ശക്തമാവുകയാണ്. കണ്ണൂർ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടായെന്ന, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കാം.