Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ കലക്ടറോട് റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ആത്മഹത്യയുടെ കാരണം പൊലീസ് കണ്ടെത്തട്ടേയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് ആണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. എസ്ഐആർ ജോലിസമ്മർദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മർദത്തെക്കുറിച്ച് നേരത്തെ ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു.
എസ്‌ഐആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടി നേതാക്കളെ കൂടെ കൂട്ടിയതുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായിരുന്നു. ഫോം പൂരിപ്പിക്കാൻ വൈകിയതുമായി ബന്ധപ്പെട്ടും അനീഷിന് സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്നലെ വളരെ വൈകിയാണ് അനീഷ് ഉറങ്ങിയതെന്ന് ഭാര്യ പറഞ്ഞു. രാത്രി ഒരു മണിവരെ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. ജോലിയിലെ സമ്മർദം സംബന്ധിച്ച് അനീഷ് പറഞ്ഞിരുന്നതായി ഭാര്യയും വ്യക്തമാക്കുന്നുണ്ട്.
(ശ്രദ്ധിക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കാം: 1056, 0471-2552056)