Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി കേസിൽ മുൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് 10 വർഷം തടവ്. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥനായ സി. ശിശുപാലനെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കണം
തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് പരിധിയിൽ ബീമാപള്ളി വാർഡിൽ പണി പൂർത്തിയാക്കിയ പ്രവൃത്തിയുടെ ബിൽ മാറി നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെയാണ് ശിശുപാലൻ അറസ്റ്റിലായത്.
പരാതിക്കാരനായ കരാറുകാരൻ 2017-2018 കാലഘട്ടത്തിൽ ബീമാപള്ളി വാർഡിലെ ഒരു റോഡിൽ ഇന്റർ ലോക്ക് പാകുന്ന ഒരു പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. പൂർത്തീകരിച്ച പ്രവൃത്തിയുടെ ബിൽ തുകയായ 4,22,000 രൂപ മാറി നൽകുന്നതിന് ശിശുപാലൻ 15,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 5,000 രൂപ വാങ്ങിയിരുന്നു. ബാക്കി തുകയായ 10,000 രൂപ വാങ്ങവെയാണ് വിജിലൻസ് പിടികൂടിയത്.