ബഫർ സോൺ ഭൂപടത്തിനെതിരെ കോഴിക്കോട് ജില്ലയിലും പ്രതിഷേധം

സാധാരണക്കാർക്ക് മനസ്സിലാകാത്ത രീതിയിലാണ് ഭൂപടമെന്ന് കർഷകർ

Update: 2022-12-23 01:17 GMT
Advertising

കോഴിക്കോട്: സർക്കാർ പുതുതായി പ്രസിദ്ധീകരിച്ച ബഫർ സോൺ ഭൂപടത്തിനെതിരെ കോഴിക്കോട് ജില്ലയിലും പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാർക്ക് മനസ്സിലാകാത്ത രീതിയിലാണ് ഭൂപടമെന്ന് കർഷകർ ആരോപിച്ചു. താമരശ്ശേരിയിൽ ഇന്ന് മുസ്‍ലിം ലീഗ് ജനരോഷ പ്രഖ്യാപന സമരം നടത്തും.

പുതുതായി സർക്കാർ പുറത്തുവിട്ട ഭൂപടത്തിൽ വ്യക്തത ഇല്ലെന്നാണ് കർഷകരുടെ പരാതി. ഈ ഭൂപടത്തിൽ സ്വന്തം ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലും കണ്ടെത്താൻ കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ കോഴിക്കോട്ട് ജില്ലയിൽ ലീഗും സമര രംഗത്തേക്കിറങ്ങുകയാണ്. താമരശ്ശേയിൽ ഇന്ന് നടക്കുന്ന ജനാരോഷ പ്രഖ്യാപന സമരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൽഘാടനം ചെയ്യും.

അതേസമയം ബഫർസോൺ യാഥാർഥ്യം ആണെന്നും ജനങ്ങൾ അതിനെ അംഗീകരിക്കണമെന്നും ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്. കോഴിക്കോട് കൂരാച്ചുണ്ടിൽ എൽ.ഡി.എഫ് നടത്തിയ ജനകീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ജോയ്സ് ജോർജ്. ബാലുശ്ശേരി എം.എൽ.എ കെ.എം സച്ചിൻദേവിന്‍റെ നേതൃത്വത്തിലാണ് ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചത്.

ബഫർ സോൺ വിഷയത്തിൽ സംസ്ഥാനത്ത് കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും സർക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിനിടെയാണ് സി.പി.എം വിശദീകരണ കൺവെൻഷൻ നടത്തിയത്. സമരങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ചില തെറ്റിദ്ധാരണകളാണ് ഇതിന് കാരണമെന്നും സച്ചിൻ ദേവ് പറഞ്ഞു. പനങ്ങാട്, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റുമാരും മറ്റു ജനപ്രതിനിധികളും കൺവെൻഷനിൽ പങ്കെടുത്തു. ഈ മാസം 28ന് വിപുലമായ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News