ഫ്രോഡുകൾ പലവിധം..; മലയാളികളെയടക്കം റിക്രൂട്ട് ചെയ്യും; ഓൺലൈൻ തട്ടിപ്പിൽ പിടിമുറുക്കി കംബോഡിയൻ മാഫിയ

സംഘത്തിലെ പ്രധാനിയും റിക്രൂട്ടിങ് ഏജന്റുമായ പാലക്കാട് തൂത സ്വദേശി അബ്ദുറഹ്മാനെ കൊച്ചി സൈബർ പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു

Update: 2026-06-08 04:41 GMT

കൊച്ചി: കേരളത്തിൽ മലയാളികളെ ലക്ഷ്യമിട്ട് കംബോഡിയൻ സൈബർ മാഫിയ പിടിമുറുക്കുന്നതായി കൊച്ചി സിറ്റി സൈബർ പൊലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. ചൈനീസ് പൗരന്മാരുടെ പൂർണ നിയന്ത്രണത്തിൽ കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാനിയും റിക്രൂട്ടിങ് ഏജന്റുമായ പാലക്കാട് തൂത സ്വദേശി അബ്ദുറഹ്മാനെ കൊച്ചി സൈബർ പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെയാണ് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ വൻതോതിൽ ഈ മാഫിയ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ അബ്ദുറഹ്മാൻ മുഖ്യ പങ്കുവഹിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

Advertising
Advertising

കൊച്ചിയിലെ ഒരു ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസ് അന്വേഷണമാണ് ഒടുവിൽ പാലക്കാട് സ്വദേശി അബ്ദുറഹ്മാനിലേക്ക് എത്തിയത്. ഇയാളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കംബോഡിയൻ തട്ടിപ്പ് കേന്ദ്രങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ ചിത്രം ലഭിച്ചത്. 2022 മുതൽ കംബോഡിയയിൽ തട്ടിപ്പ് സംഘത്തോടൊപ്പം ജോലി ചെയ്യുന്നയാളാണ് അബ്ദുറഹ്മാൻ. തുടക്കത്തിൽ സാധാരണ തട്ടിപ്പ് മെസേജുകൾ അയക്കലും ഫോൺ കോളുകൾ ചെയ്യലുമായിരുന്നു ഇയാളുടെ ജോലി. എന്നാൽ, തട്ടിപ്പിലെ മികവ് കണ്ട് ചൈനീസ് മാഫിയ സംഘം ഇയാളെ 'ടീം ലീഡർ' പദവിയിലേക്ക് ഉയർത്തുകയും പിന്നീട് ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് ചുമതല ഏൽപ്പിക്കുകയുമായിരുന്നു.

തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് സന്ദർശക വിസ നൽകിയാണ് മലയാളികൾ അടക്കമുള്ള ഉദ്യോഗാർഥികളെ ഈ സംഘം ആദ്യം ആകർഷിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് വിസ തയ്യാറാക്കുന്നത്. ഈ രാജ്യങ്ങളിൽ എത്തിച്ച ശേഷം ഇവരെ റോഡ് മാർഗം അതിർത്തി കടത്തി കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെ വെച്ച് കഠിനമായ സൈബർ തട്ടിപ്പ് പരിശീലനം നൽകിയ ശേഷമാണ് ഇവരെക്കൊണ്ട് ഫോൺ കോളുകളും വ്യാജ ചാറ്റുകളും ചെയ്യിക്കുന്നത്. ചൈനീസ് പൗരന്മാരാണ് ഈ ക്യാമ്പുകളുടെയും തട്ടിപ്പ് ശൃംഖലയുടെയും യഥാർഥ സൂത്രധാരന്മാർ.

ബാങ്ക്, ട്രേഡിങ്, ലോൺ ആപ്പുകൾ എന്നിവയ്ക്കെതിരെ സൈബർ സുരക്ഷാ മുന്നറിയിപ്പുകൾ ശക്തമായതോടെ ഇരകളെ കിട്ടാതെ വന്ന സാഹചര്യത്തിലാണ് മാഫിയ സംഘം മാട്രിമോണിയൽ സൈറ്റുകളെ തട്ടിപ്പിനായി ഉപയോഗിക്കാൻ തുടങ്ങിയത്. പ്രമുഖ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകളിൽ യുവാക്കളുടെയും യുവതികളുടെയും പേരിൽ ആകർഷകമായ വ്യാജ പ്രൊഫൈലുകൾ നിർമിച്ചാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. വിവാഹാലോചന എന്ന വ്യാജേന ബന്ധം സ്ഥാപിച്ച് സൗഹൃദത്തിലായ ശേഷം, ഭാവി സുരക്ഷിതമാക്കാൻ 'സേവിങ്സ്' എന്ന പേരിൽ വ്യാജ ട്രേഡിങ് സൈറ്റുകളിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഭാവി വരനോ വധുവോ പറയുന്നത് വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപയാണ് പലരും ഇത്തരത്തിൽ നിക്ഷേപിച്ച് വഞ്ചിക്കപ്പെടുന്നത്.

മാട്രിമോണിയൽ സൈറ്റുകൾ വഴിയുള്ള തട്ടിപ്പ് വ്യാപകമായതോടെ കൊച്ചി സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രമുഖ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇത്തരത്തിലുള്ള ആയിരത്തിലധികം വ്യാജ പ്രൊഫൈലുകൾ ഇതിനകം തന്നെ പൊലീസ് ഇടപെട്ട് നീക്കം ചെയ്തിട്ടുണ്ട്. അബ്ദുറഹ്മാൻ വഴി കംബോഡിയൻ സംഘത്തിൽ അകപ്പെട്ടിട്ടുള്ള മറ്റ് മലയാളികളെക്കുറിച്ചും, കേരളത്തിൽ ഈ തട്ടിപ്പിന് ഇരയായ മറ്റാരെങ്കിലുമുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം വിപുലമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്നാണ് സൂചന. ഇത്തരം അപരിചിതരായ വ്യക്തികളുടെ സാമ്പത്തിക ഉപദേശങ്ങളിൽ വീഴരുതെന്നും പൊലീസ് കർശന മുന്നറിയിപ്പ് നൽകുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News