പഠനത്തിലും ജോലിയിലും ശ്രദ്ധിക്കാൻ സാധിക്കുന്നില്ലേ? ഈ വഴികൾ പരീക്ഷിക്കൂ..
കുടിക്കുന്ന വെള്ളം മുതൽ എടുക്കുന്ന ശ്വാസം വരെ പ്രധാനമെന്ന് വിദഗ്ധർ
കോഴിക്കോട്: പഠനത്തിലായാലും തൊഴിലിലായാലും ശ്രദ്ധ വളരെ അനിവാര്യമാണ്. ശ്രദ്ധ തെറ്റിക്കാനുള്ള നിരവധി സാഹചര്യങ്ങൾ നമുക്ക് ചുറ്റും ഉള്ളപ്പോൾ ശ്രദ്ധകിട്ടുന്നില്ല എന്നത് നിരന്തര പരാതിയാണ്. ശ്രദ്ധ കിട്ടുന്നില്ലെന്ന് പരാതിയുള്ളവർ ഈ വഴികളൊന്ന് ശ്രമിച്ച് നോക്കുക. പ്രശ്‌നം പരിഹരിക്കപ്പെടും.
25 മിനുട്ട് പ്രവൃത്തി, അഞ്ച് മിനുട്ട് റെസ്റ്റ്
പഠനത്തേയും ജോലിയേയും 30 മിനുട്ടിന്റെ സ്ലോട്ടാക്കി തിരിക്കുക. 30 മിനുട്ടിൽ ആദ്യ ഇരുപത്തഞ്ച് മിനുട്ട് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക. ബാക്കി അഞ്ച് മിനുട്ട് റെസ്റ്റ് എടുക്കുക. തുടർന്ന് വീണ്ടും 25 മിനുട്ട് വീണ്ടും ഫോക്കസായി പ്രവൃർത്തി ചെയ്യുക. റെസ്റ്റ് എടുക്കുന്ന അഞ്ച് മിനുട്ട് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണം. സമൂഹമാധ്യമങ്ങൽ ഉപയോഗിക്കുന്നതിലൂടെ ശ്രദ്ധ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
നോട്ടിഫിക്കേഷനോട് 'നോ ' പറയാം
പഠനമാണെങ്കിലും തൊഴിലായാലും ശ്രദ്ധ തെറ്റിക്കുന്നതിൽ പ്രഥമ സ്ഥാനത്തുള്ളത് മൊബൈൽ നോട്ടിഫിക്കേഷൻ ആയിരിക്കും. പുതിയ കാലത്ത് മൊബൈൽ ഉപേക്ഷിക്കുക എന്നത് അത്രത്തോളം സാധ്യമായ കാര്യമല്ല. ഇത്തരമൊരു സാഹചര്യത്തിൽ മൊബൈൽ അപ്ലിക്കേഷനുകളുടെ നോട്ടിഫിക്കേഷൻ ഓഫാക്കി വെക്കാം. വാട്‌സ് ആപ്പിൽ ഒരു മെസേജോ ഫേസ്ബുക്കിൽ ഒരു നോട്ടിഫിക്കേഷനോ വന്നാൽ അത് എന്താണെന്ന് നോക്കാനുള്ള ത്വര നമുക്ക് ഉണ്ടാവും. നോട്ടിഫിക്കേഷൻ ഓഫാക്കി വെക്കുന്നതോടെ അതിന് വലിയൊരു പരിഹാരമുണ്ടാവും.
'ഡീപ് ബ്രീത്ത് ' ചില്ലറക്കാരനല്ല
ശ്രദ്ധ വർധിപ്പിക്കുന്നതിൽ ഒരു ഗാഢശ്വാസത്തിന് വലിയ പങ്കുണ്ട്. മുമ്പ് പറഞ്ഞ ടൈ സ്ലോട്ടിൽ 25 മിനുട്ട് നേരത്തെ പ്രവൃത്തിക്ക് ശേഷം ഒരു ഗാഢശ്വാസം എടുക്കാം. മനസ് ഏകാഗ്രമാവുന്നതിനും ചിന്തകൾക്ക് കൂടുതൽ വ്യക്തത ലഭിക്കുന്നതിനും ഒരു ഡീപ് ബ്രീത്തിന് സാധിക്കും
വെറുതെ വായിച്ചാൽ പോരാ, വായിച്ചത് ഓർക്കണം
പലരും പറയുന്ന പരാതിയാണ് കുറെ നേരം വായിച്ചു, പക്ഷേ ഒന്നും ഓർമ്മയില്ലെന്നത്. വെറുതെ വായിച്ച് പോവുന്നതിന് പകരം, വായിച്ചത് ഓർത്തെടുക്കാൻ ശ്രമിക്കണം എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. തലച്ചോറിനെ കൂടുതൽ ഊർജസ്വലമാക്കുന്നതിനും അതിലൂടെ ഓർമവർധിക്കാനും കഴിയും.
ചെയ്യാനുള്ളതിനെ ചെറുതായി വിഭജിക്കുക
പൂർത്തിയാക്കാനുള്ള പ്രവൃത്തികളെ ചെറിയ ടാസ്‌ക്കുകളാക്കി വിഭജിക്കുക. അങ്ങനെ ചെയ്യുന്നതോടെ സ്‌ട്രെസ് ലെവൽ കുറയുകയും ഫോക്കസ് വർധിക്കുകയും ചെയ്യും.
വൃത്തി മുഖ്യം
അലങ്കോലമല്ലാത്ത പ്രദേശത്തിരുന്ന് ജോലി ചെയ്യാനും പഠിക്കാനും ശ്രമിക്കുക. വൃത്തിയുള്ള സ്ഥലം കൂടുതൽ ശ്രദ്ധേക്കേണ്ട കാര്യമാണെന്ന തോന്നൽ തലച്ചോറിന് നൽകുന്നു എന്നാണ് വിദഗ്ധർ പറയുന്നത്.
വെള്ളം കുടി വളരെ പ്രധാനം
ശരീരത്തിലെ ജലാംശത്തിന് ശ്രദ്ധയുമായി വളരെ അടുത്ത ബന്ധമുണ്ട്. ശരീരത്തിന് ചെറിയ രീതിയിലുള്ള നിർജലീകരണം സംഭവിച്ചാൽ പോലും അത് ശ്രദ്ധ തെറ്റിക്കും. അതു കൊണ്ട് തന്നെ ശ്രദ്ധ വർധിപ്പിക്കാനായി ഇടക്കിടെ വെള്ളം കുടിക്കണം.
സ്വൽപം മ്യൂസിക്കാവാം
പഠിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ ചെറിയ ശബ്ദത്തിലുള്ള സംഗീതം കേൾക്കുന്നത് ശ്രദ്ധ വർധിപ്പിക്കും എന്നാണ് പറയുന്നത്. നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കുന്നതിനെ തടയാൻ പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതത്തിന് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശബ്ദം കൂടിയതോ ശ്രദ്ധ തെറ്റിക്കുന്ന രീതിയിലുള്ള സംഗീതമോ ആണ് കേൾക്കുന്നതെങ്കിൽ വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക.
ഇടക്കൊരു നടത്തം ബെസ്റ്റാണ്
പഠനത്തിന്റെ ഇടവേളകളിൽ ചെറിയൊരു നടത്തം ശ്രദ്ധ വർധിപ്പിക്കും. തൊഴിലിന് ഇടയിലുള്ള ലഘുനടത്തങ്ങളും ഗുണം ചെയ്യും. ഇടവേളകളിലെ ചെറിയ നടത്തം പുത്തൻ ഉന്മേഷം നൽകുന്നതിനും ശ്രദ്ധ കൂട്ടാനും സഹായിക്കും.
നിങ്ങൾ നിങ്ങളോട് തന്നെ പറയുക ' അഞ്ച് മിനുട്ട് ' മാത്രം
അഞ്ച് മിനുട്ട് നേരത്തേക്ക് മാത്രമാണ് ഈ പ്രവൃത്തി ചെയ്യുന്നതെന്ന് നിങ്ങൾ നിങ്ങോട് തന്നെ പറയുക. പ്രവൃത്തി തുടങ്ങാനുള്ള ബ്ലോക്ക് മാറി കിട്ടും. പ്രവൃത്തി തുടങ്ങിയാൽ അത് തുടരുകയും ചെയ്യാം.