കേന്ദ്രമന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തട്ടിപ്പ്: ബിജെപി പ്രാദേശിക നേതാവിനെതിരെ കേസ്

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് വെച്ച കാറിൽ വന്നിറങ്ങിയാണ് പണം കൈപ്പറ്റിയിരുന്നത്

Update: 2021-05-26 01:54 GMT

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെന്ന പരാതിയിൽ ബിജെപി പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സനു എൻ നായരുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. കേന്ദ്രമന്ത്രിമാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പണം നഷ്ടമായവർ പൊലീസിനോട് പറഞ്ഞു.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ എൻജിനീയർ മുതൽ പല തസ്തികകളി‌ൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മുളക്കുഴ മുൻ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ സനു എൻ. നായരാണ് ഒന്നാംപ്രതി. ബുധനൂർ സ്വദേശി രാജേഷ് കുമാർ, എറണാകുളം വൈറ്റില സ്വദേശി ലെനിൻ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. മൂന്നാംപ്രതി ലെനിൻ മാത്യു എഫ്സിഐ ബോർഡ് അംഗമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.

Advertising
Advertising

എഫ്സിഐയുടെ ബോർഡ് വെച്ച കാറിൽ വന്നിറങ്ങിയാണ് പണം കൈപ്പറ്റിയിരുന്നത്. വിശ്വാസ്യത കൂട്ടാൻ കേന്ദ്രമന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും പ്രതികൾ കാണിക്കും. ജോലിക്ക് മുൻപുള്ള അഭിമുഖത്തിനെന്ന പേരിൽ ഉദ്യോഗാർത്ഥികളെ ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ എഫ്സിഐ ഓഫീസുകൾക്ക് സമീപത്ത് ദിവസങ്ങളോളം താമസിപ്പിച്ചശേഷം പണവുമായി മുങ്ങുകയാണ് സനുവിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. 10 ലക്ഷം മുതൽ 35 ലക്ഷം വരെ പല ഉദ്യോഗാർഥികളിൽ നിന്നായി പ്രതികൾ വാങ്ങിയിട്ടുണ്ട്. ഇതുവരെ ഒൻപത് പരാതികൾ ചെങ്ങന്നൂർ പൊലീസിന് ലഭിച്ചു. കൂടുതൽ ബിജെപി നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.

Full View


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News