'പൊലീസുണ്ടാക്കിയ അപകടമല്ല'; യുവാക്കളുടെ വാദം തള്ളി ദൃശ്യങ്ങളും രേഖകളും
സംഭവത്തില്‍ പൊലീസിനെതിരെ യുവാക്കളുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു
കൊച്ചി:എറണാകുളം ചെല്ലാനത്ത് വാഹനപരിശോധനയ്ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാക്കളുടെ വാദങ്ങൾ തള്ളി ദൃശ്യങ്ങളും രേഖകളും. ബൈക്ക് അമിത വേഗതയിലാണ് സഞ്ചരിച്ചത്. യുവാക്കൾ മദ്യപിച്ചിരുന്നെന്ന് പരിശോധന ഫലവും വ്യക്തമാക്കുന്നു. അപകടത്തിൽപ്പെട്ട യുവാവും സുഹൃത്തും ബൈക്കിൽ ആശുപത്രിയിലെത്തിയതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പൊലീസ് കയ്യിൽ പിടിച്ച് വലിച്ചതുകൊണ്ടാണ് അപകടമുണ്ടായതെന്നായിരുന്നു യുവാക്കളുടെ വാദം.
അപകടത്തിൽ പരിക്കേറ്റ യുവാവിനെ എത്തിച്ചത് അൻപത് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലാണ്.നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുവെന്ന് കള്ളം പറഞ്ഞാണ് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടിയത്.ബൈക്കിന് പുറകിൽ കെട്ടിവെച്ച് ആശുപത്രിയിലെത്തിച്ചുവെന്ന വാദവും കള്ളമാണെന്ന ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ യുവാക്കളുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കണമെന്ന നിര്‍ദേശം ലംഘിച്ചെന്ന് കാട്ടിയാണ് കുടുംബം പരാതി നല്‍കിയത്.
അതേസമയം, പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് യുവാക്കള്‍ക്കെതിരെ പൊലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്.ഇതിന് പിന്നാലെയാണ് യുവാക്കളുടെ വാദങ്ങളെ പൊളിക്കുന്ന ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടത്.