ഗോവിന്ദൻ മാഷ് ഗോവിന്ദചാമിയെ പോലെ സംസാരിക്കരുത്; എം.വി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്
എം.വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയായെന്ന് ഫാദർ ഫിലിപ്പ് കവിയിൽ
തിരുവനന്തപുരം: പാംപ്ലാനിക്കെതിരെ നടത്തിയ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി കത്തോലിക്ക കോൺഗ്രസ്. എം.വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയായെന്ന് ഫാദർര ഫിലിപ്പ് കവിയിൽ പറഞ്ഞു. മൈക്ക് കാണുമ്പോൾ എന്തെങ്കിലും വിളിച്ച് പറയരുതെന്നും ഗോവിന്ദൻ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുതെന്നുമാണ് ഫിലിപ്പ് കവിയിൽ പറഞ്ഞത്.
'ഗോവിന്ദൻ മാഷ് ഇപ്പോഴിരിക്കുന്നത് കോടിയേരി ബാലകൃഷ്ണനെ പോലുള്ളവർ ഇരുന്ന പദവിയിലാണെന്ന് മറക്കരുത്. തിരുത്തണമോ എന്ന കാര്യം എം.വി ഗോവിന്ദൻ തീരുമാനിക്കട്ടെ. മൂന്നാം പിണറായി സർക്കാർ വരണോ എന്ന് അവർ ആലോചിക്കണം' എന്നും ഫാദർ കൂട്ടിച്ചേർത്തു.
സഹായിച്ചവരെ നന്ദിയോടെ അനുസ്മരിക്കുകയെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് മാത്രമേ പിതാവും പറഞ്ഞിട്ടുള്ളു. ഗോവിന്ദൻ മാഷ് ഒരു ആവേശത്തിൽ പറഞ്ഞതായിരിക്കുമെന്നും ഫിലിപ്പ് കവിയിൽ പറഞ്ഞു.