കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെ തീപിടിത്തം: കാരണം അവ്യക്തം; അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നില്ല
അത്യാഹിത വിഭാഗം എന്ന് പ്രവർത്തനമാരംഭിക്കും എന്നതിലും വ്യക്തതയില്ല
കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ പൊട്ടിത്തെറിയുടെ കാരണം എന്താണെന്നതില്‍ അവ്യക്തത തുടരുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വന്നില്ല. അത്യാഹിത വിഭാഗം പ്രവർത്തനം എപ്പോള്‍ പുനരാരംഭിക്കും എന്നതിലും അവ്യക്തതയുണ്ട്.
മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് മുറിയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത് . പൊട്ടിത്തെറിയെ തുടർന്ന് കെട്ടിടം ഒഴിപ്പിച്ചതിനിടെ നാലുപേർ മരിച്ചു. പൊട്ടിത്തെറിയെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉള്ളടക്കം പുറത്തു വന്നിട്ടില്ല. ഉയർന്ന ലോഡ് കാരണമുള്ള ഡ്രിപ്പിങ് ഒഴിവാക്കാന്‍ ജീവനക്കാർ കട്ടിയുള്ള പീസ് വയർ ഉപയോഗിച്ചുവെന്ന സംശയം നിലനില്ക്കുന്നുണ്ടെങ്കിലും റിപ്പോർട്ട് പുറത്തുവരാത്തതിനാല്‍ അവ്യക്തത തുടരുന്നു. ദിവസങ്ങള്‍ക്കകം നാലാം നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടിന്റെ കാരണവും അവ്യക്തമാണ്. അത്യാഹിത വിഭാഗം ഒഴിപ്പിച്ച നടപടിയില്‍ പിഴവുണ്ടായിട്ടുണ്ടോ എന്നന്വേഷിച്ച വിദഗ്ധ സമിതി റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല
രണ്ട് പൊട്ടിത്തെറികള്‍ക്ക് ശേഷം അന്വേഷണവും മറ്റും നടക്കുന്നതിനാല്‍ പി എം എസ് എസ് വൈ കെട്ടിടത്തില്‍ അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. പഴയ കാഷ്യാലിറ്റി കെട്ടിടത്തില്‍ പരിമിതികളോടെയാണ് ഇപ്പോള്‍ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്.