'നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല'; കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ ലവ് ജിഹാദല്ലെന്ന് കുറ്റപത്രം
സുഹൃത്ത് റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
Photo| Special Arrangement
കൊച്ചി: കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ ആൺസുഹൃത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്നല്ലെന്ന് കുറ്റപത്രം. സുഹൃത്ത് റമീസ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
ഇരുവരും നേരത്തെ വിവാഹിതാരാവാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് റമീസ് തന്റെ ഫോൺ പോലുമെടുക്കാത്തത് പെൺകുട്ടിയെ സമ്മർദത്തിലാക്കിയിരുന്നു. ഇതോടെയാണ് പെൺകുട്ടിജീവനൊടുക്കിയതെന്നാണ് കണ്ടെത്തൽ. മരണത്തിന് കാരണം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് യുവതിയുടെ കുടുംബമാണ് ആദ്യം ആരോപണം ഉന്നയിച്ചത്. തൊട്ടുപിന്നാലെ പെൺകുട്ടി ലവ് ജിഹാദിന്റെ ഇരയാണെന്നാരോപിച്ച് ബിജെപി രംഗത്തുവരികയും കേന്ദ്രമന്ത്രിയുള്‍പ്പെടെ കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിന് തെളിവില്ലെന്നാണ് അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം, ആത്മഹത്യാപ്രേരണ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതിയായ റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ റമീസിന്‍റെ മാതാവും പിതാവും ഒരു സുഹൃത്തിനെയും പ്രതിചേര്‍ത്തിരുന്നു. കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമര്‍പ്പിക്കും.