പെരുന്നാള്‍ ആഘോഷങ്ങൾ കുടുംബത്തിൽ മാത്രമാകണം‌: മുഖ്യമന്ത്രി

വ്രതകാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു

Update: 2021-05-12 14:19 GMT
Editor : ubaid | By : Web Desk
Advertising


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം കുടുംബത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വ്രതകാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി പറഞ്ഞത്

നാളെ ചെറിയ പെരുന്നാളാണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെവ ആഹ്ലാദത്തിലാണ്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധര്‍മ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാള്‍. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിനും പ്രധാനമാണ്. കൂട്ടം ചേരല്‍ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണം.

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നടത്തി വ്രതകാലത്ത് കാട്ടിയ കരുതല്‍ പെരുന്നാള്‍ ദിനത്തിലും നടത്തണം. റമദാന്‍ കാലത്ത് നിയന്ത്രണം പൂര്‍ണമായി പാലിച്ചു. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്തായിരുന്നു റംസാന്‍. ഈ ദിനത്തിലും വീടുകളില്‍ ഇരുന്ന് പ്രാര്‍ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാണ്. അതുകൊണ്ട് ഈദ് ദിന പ്രാര്‍ഥന വീട്ടില്‍ നടത്തുന്നത് ഉള്‍പ്പടെയുളള സ്വയം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണം.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News