കൊച്ചി: അന്തസ് ഉയർത്തിപ്പിടിച്ചു തന്നെ മക്കൾ പുതിയ സ്‌കൂളിലേക്ക് പോകുകയാണെന്ന് സെന്റ് റീത്താസ് സ്കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് നൈന.
അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് പോകുന്നതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അനസ് പറയുന്നു.
പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അനസ് ഫേസ്ബുക്കിലെഴുതുന്നു. കുട്ടിയെ ഇനി സ്‌കൂളിലേക്ക് വിടില്ലെന്ന് പിതാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നുമാണ് പിതാവ് പറഞ്ഞത്. വിഷയം കോടതിയിലെത്തുകയും ചെയ്തു.
പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണെന്ന് നേരത്തെ അനസ് മീഡിയവണിനോട് പറഞ്ഞിരുന്നു. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ താൻ പരാതി നൽകുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും ഹിജാബ് ധരിച്ച് പോകാൻ മാനേജ്‌മെന്റ് അനുവദിക്കുന്നില്ലെന്നുമായിരുന്നു പിതാവ് അനസ് പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപെട്ടവരെ,
മക്കൾ ഇന്ന് പുതിയ സ്കൂളിലേക്ക്..
അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ,
അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്..
പ്രതിസന്ധി ഘട്ടത്തിൽ, ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും പ്രാർത്ഥനാ മനസ്സോടെ,
നന്ദിയോടെ...
വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ..