പാലക്കാട് നഗരസഭയിൽ ഹെഡ്ഗേ 'വാർ'; പേരിടലിനെച്ചൊല്ലി കൗൺസിലർമാർ തമ്മിൽ കൂട്ടയടി; പൊലീസിനും മർദനം
നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന പ്രതിപക്ഷം വ്യക്തമാക്കി.
പാലക്കാട്: നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിനെതിരെ നഗരസഭാ കൗൺസിലിലെ പ്രതിഷേധത്തിനിടെ സംഘർഷം. യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും പിന്നാലെയുണ്ടായ വാക്കേറ്റം കൂട്ടയടിയിൽ കലാശിക്കുകയുമായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൻ പൊലീസ് സുരക്ഷയാണ് നഗരസഭയ്ക്ക് പുറത്ത് ഏർപ്പെടുത്തിയിരുന്നത്.
വിവാദങ്ങൾക്കിടെ ഇന്ന് കൗൺസിൽ യോഗം ചേർന്നപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിയുമായി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പേര് നൽകാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന പ്രതിപക്ഷം വ്യക്തമാക്കി.
എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സ്ഥാപനത്തിന് ഹെഡ്‌ഗേവാറിന്റെ പേര് തന്നെ ഇടുമെന്നും നഗരസഭാ അധ്യക്ഷയും ബിജെപി കൗൺസിലർമാരും പറഞ്ഞു. ഇതോടെ, പ്രതിഷേധം ശക്തമായി. പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ അധ്യക്ഷയുടെ ചേംബറിലേക്ക് ചാടിക്കടന്നു. ഇവരെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകരെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ഇത് കൈയാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.
ഇതോടെ പൊലീസ് സംഘം കൗൺസിൽ ഹാളിനകത്തു കയറി കൗൺസിലർമാരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റിയും കൗൺസിലർമാർ പരസ്പരം തല്ലുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. വിഷയത്തിൽ, നഗരസഭയ്ക്ക് പുറത്ത് കോൺഗ്രസ്, സിപിഎം പ്രവർത്തകരും പ്രതിഷേധിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രതിപക്ഷ കൗൺസിലർമാരെ പൊലീസ് പുറത്തേക്ക് മാറ്റി.