'സത്കാരം വേണ്ട'; ഗവർണറുടെ വിരുന്നിന് പോകാതെ മുഖ്യമന്ത്രി, മന്ത്രിമാരും വിട്ടുനിന്നു

സർക്കാർ ഭാഗത്ത് നിന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത്

Update: 2024-01-26 14:53 GMT
Advertising

തിരുവനന്തപുരം: ഗവർണറുടെ റിപ്പബ്ലിക് ദിന സത്കാരത്തിൽ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. സർക്കാർ ഭാഗത്ത് നിന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത്.

ഇന്ന് വൈകിട്ട് ആറരയോടു കൂടിയായിരുന്നു വിരുന്ന്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും പുറമെ, എംഎൽഎമാർ, എംപിമാർ, ഡിജിപി എന്നിവർക്കൊക്കെ ഗവർണറുടെ ക്ഷണമുണ്ടായിരുന്നു. പക്ഷേ ഇവരാരും വിരുന്നിനെത്തിയില്ല.

എന്നാൽ സർക്കാർ നിലപാട് എന്തു തന്നെയായാലും അത് തന്നെ ബാധിക്കില്ലെന്ന സമീപനമായിരുന്നു വിരുന്നിൽ ഗവർണറുടേത്. വിരുന്നിനെത്തിയ എല്ലാവരോടും തന്നെ കുശലം പറഞ്ഞും അവരെ പരിചയപ്പെട്ടും ഗവർണർ വലിയ സന്തോഷം പ്രകടിപ്പിച്ചു. പത്മ പുരസ്‌കാരത്തിനർഹനായ ഒ രാജഗോപാലിനെയടക്കം ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. വിരുന്നിലുണ്ടായിരുന്ന മേളം കലാകാരന്മാർക്കും കലാകാരികൾക്കുമൊപ്പം ചെണ്ടയും ചേങ്ങിലയുമൊക്കെ കൊട്ടി വിരുന്ന് ആഘോഷമാക്കുകയായിരുന്നു ഗവർണർ.

കഴിഞ്ഞ ദിവസം ഗവർണർ നയപ്രഖ്യാപന പ്രസംഗം ഒറ്റ ഖണ്ഡികയിൽ ഒതുക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അന്നും മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെയാണ് ഗവർണർ പോയത്. പിന്നീടിന്ന് റിപ്പബ്ലിക്ക് ദിന പരേഡിൽ പതാക ഉയർത്താനും സല്യൂട്ട് സ്വീകരിക്കാനുമായി എത്തിയപ്പോഴും മുഖ്യമന്ത്രിയെ ഗൗനിക്കാതെ ഗൗരവത്തിലായിരുന്നു ഗവർണർ. മുഖ്യമന്ത്രിയും ഗവർണർക്ക് ശ്രദ്ധ കൊടുത്തതേയില്ല.

Full View

തമ്മിൽ സംസാരിക്കാതെ ഇരുവരും പിരിഞ്ഞെങ്കിലും മറ്റുള്ളവരോട് സംസാരിച്ചും കൈകൊടുത്തുമാണ് ഗവർണർ വേദിവിട്ടത്. ഇതോടു കൂടി ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പുമായിരുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News