പൊലീസ് അതിക്രമങ്ങളില്‍ പരാതി പ്രളയം; മൗനം തുടര്‍ന്ന് മുഖ്യമന്ത്രി

വിവിധ ജില്ലകളിൽ നിന്ന് പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിട്ടും കർശനമായ നടപടി ഉണ്ടായിട്ടില്ല

Update: 2025-09-08 07:15 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നു എന്ന വിവാദങ്ങൾ തുടർച്ചയായി പുറത്തു വരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നു.വിവിധ ജില്ലകളിൽ നിന്ന് പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിട്ടും കർശനമായ നടപടി ഉണ്ടായിട്ടില്ല.കുന്നംകുളത്തെ മർദനത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ശിപാർശ ലഭിച്ചിട്ടും ഇതുവരെ നടപടി എടുത്തിട്ടില്ല.

അതേസമയം, പൊലീസ് മർദനത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്. അവരെയെല്ലാം സർക്കാർ കൈകാര്യം ചെയ്യാൻ പോകുകയാണ്.പൊലീസ് മർദനം ഇടതുപക്ഷ നയമല്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Advertising
Advertising

പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.   യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. സംഭവത്തില്‍ എസ്ഐ അടക്കം നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തെക്കുറിച്ചും പരാതിയുയര്‍ന്നിരുന്നു. 2023 മെയിലാണ് ഹോട്ടൽ ഉടമയായ കെ പി ഔസേപ്പിനും മകനും മർദനമേറ്റത്.ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്.

കോഴിക്കോട് കുന്നമംഗലം സ്വദേശിയെയും പൊലീസ് മർദിച്ചതായി ആരോപണം ഉയര്‍ന്നു. കുന്നമംഗലം പന്തീർപ്പാടം സ്വദേശി സലീമിനാണ് മർദനമേറ്റത്. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും സലീം മീഡിയവണിനോടു പറഞ്ഞു.

പത്തനംതിട്ട അടൂർ പൊലീസിനെതിരെ ആരോപണവുമായി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ  പള്ളിക്കൽ സ്വദേശി ബാബു രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന്  ബാബു പറയുന്നു.മുൻപ് അടൂർ സ്റ്റേഷനിൽ എസ്ഐ ആയിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി..മെയ്‌ 27ന് സാമ്പത്തിക തർക്കവുമായി സ്റ്റേഷനിൽ എത്തിയ ബാബുവിനെയാണ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്.

കുന്നംകുളത്തെ പൊലീസ് മർദനത്തിന് സമാനമായ മർദനമേറ്റതായി തിരുവന്തപുരം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നേമം ഷജീർ ആരോപിച്ചു. സുഹൃത്തിനെ മർദിച്ചത് ചോദ്യം ചെയ്തതിനാണ് നേമം പൊലീസ് ക്രൂരമായി മർദിച്ചത്. നേമം മുൻ എസ് ഐ സമ്പത്തിനെതിരെയാണ് പരാതി. ജനനേന്ദ്രിയത്തിന് മർദനമേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഏഴ് വർഷത്തിന് ശേഷം കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും നേമം ഷജീർ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News