എറണാകുളത്ത് യുവതിയെ ലഹരി സംഘം ആക്രമിച്ച കേസ് പൊലീസ് അട്ടിമറിക്കുന്നതായി പരാതി
‘സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നു’
കൊച്ചി: എറണാകുളം മുളവുകാട് യുവതിയെ ലഹരി സംഘം ആക്രമിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി പരാതി. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുകയാണെന്ന് യുവതിയുടെ ഭർത്താവ് പോൾ ആരോപിച്ചു. പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പോൾ പരാതി നൽകി.
കഴിഞ്ഞദിവമാണ് പോളിെൻറ ഭാര്യ വിന്നി ആക്രമണത്തിന് ഇരയായത്. ആലപ്പുഴ സ്വദേശികളായ ഇവർ മുളവുകാട് ചെമ്മീൻകെട്ട് നടത്തുകയാണ്. ഇതിന് സമീപം സ്ഥിരമായി ലഹരി സംഘങ്ങൾ അഴിഞ്ഞാടുകയും ചെമ്മീൻ മോഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇതിനെ തുടർന്ന് ഇവർ സിസിടിവി സ്ഥാപിച്ചിരുന്നു. ഇത് മാറ്റണമെന്ന് ലഹരി സംഘം ആവശ്യപ്പെടുകയുണ്ടായി.
ഇതിനിടയിലാണ് കഴിഞ്ഞദിവസം മൂന്നംഗ മുഖംമൂടി സംഘം വിന്നിയെ ആമ്രകിച്ചത്. ഇവർ നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് മാത്രം 20 തുന്നലുകളുണ്ട്. ബ്രാഞ്ച് സെക്രട്ടറിയുടെ ബന്ധു ഇവരെ ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് പോൾ പറയുന്നത്.