പൂജപ്പുരയിൽ തടവുകാരന്റെ ദേഹത്ത് ജയിൽ ഉദ്യോഗസ്ഥർ ചൂടുവെള്ളം ഒഴിച്ചതായി പരാതി

ചൂടുവെള്ളം ലിയോണിന്റെ കയ്യിൽ നിന്ന് തന്നെ ദേഹത്തേക്ക് വീണതാണെന്നാണ് ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം

Update: 2023-11-20 10:36 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജപ്പുര ജയിലിൽ ഉദ്യോഗസ്ഥർ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചെന്ന് പരാതി. റിമാൻഡ് തടവുകാരനായ ലിയോൺ ജോൺ ആണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസിലെ പ്രതിയാണ് ലിയോൺ.

ഈ മാസം 10ാം തീയതിയായിരുന്നു പരാതിക്കാസ്പദമായ സംഭവം. പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടത് ചോദ്യം ചെയ്തപ്പോൾ ചൂട് വെള്ളം ഒഴിക്കുകയായിരുന്നുവെന്ന് ലിയോൺ പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം തനിക്ക് ചികിത്സ നൽകാൻ പോലും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നും പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്നുമാണ് ലിയോണിന്റെ ആരോപണം.

Advertising
Advertising

വാർത്ത പുറത്തെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ കേസെടുത്തിരുന്നു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജയിൽ സൂപ്രണ്ടിന് നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കവേയാണ് സെഷൻസ് കോടതിയിൽ ലിയോൺ പരാതി സമർപ്പിച്ചത്. ലിയോണിനെതിരെ ക്രിമിനൽ കേസുകളുൾപ്പടെ നിലവിലുണ്ടെന്നാണ് വിവരം.

Full View

എന്നാൽ ചൂടുവെള്ളം ലിയോണിന്റെ കയ്യിൽ നിന്ന് തന്നെ ദേഹത്തേക്ക് വീണതാണെന്നാണ് ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം. ജയിൽ ഉദ്യോഗസ്ഥരൊന്നും തന്നെ സംഭവത്തിൽ പങ്കാളികളല്ലെന്നും അദ്ദേഹം പറയുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News