ആലുവയിൽ കാറിടിച്ച് പരിക്കേറ്റ ഏഴുവയസുകാരന്റെ നില ഗുരുതരം
കുട്ടിയെ ഇടിച്ച് നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ കാറിടിച്ച് പരിക്കേറ്റ ഏഴുവയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. വാഴക്കുളം പ്രേം നിവാസിൽ പ്രീജിത്തിന്റെ മകൻ നിഷികാന്താണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ആന്തരാവയവങ്ങളിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛനൊപ്പം ഓട്ടോറിക്ഷയിൽ പോകവെ അബദ്ധത്തിൽ കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പിറകെ വന്ന കാർ കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം കാർ നിർത്താതെ പോയി.
കുട്ടിയെ ഇടിച്ച് നിർത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാറിന്റെ നമ്പറും കൂടുതൽ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.