ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗം: ലീഗില്‍ ആശയക്കുഴപ്പം

സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാടിൽ കൂടുതൽ പ്രതികരിക്കാതെ പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ. എന്നാൽ കർശന നിലപാടെടുക്കണമെന്ന് മറ്റൊരു വിഭാഗം

Update: 2021-09-19 01:49 GMT
Advertising

പാലാ വിഷയത്തിലെ നിലപാടിനെ ചൊല്ലി മുസ്‍ലിം ലീഗില്‍ ആശയക്കുഴപ്പം. പാലാ ബിഷപ്പിന്‍റെ പരാമർശത്തില്‍ നിസംഗത തുടരുന്ന സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാടിൽ കൂടുതൽ പ്രതികരിക്കാതെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ മുന്നോട്ട് പോകുന്നത്. എന്നാൽ മറ്റൊരു വിഭാഗം കർശന നിലപാടെടുക്കണമെന്ന അഭിപ്രായത്തിലാണ്. വി എന്‍ വാസവനെതിരെ രൂക്ഷ വിമർശനമുയർത്തി സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ പാർട്ടിക്കകത്തെ നിലപാടുകളിലെ വ്യത്യാസം പ്രകടമാക്കി.

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യം സർക്കാർ തള്ളിയിട്ടുണ്ട്. മാത്രമല്ല ബിഷപ്പിനെ ന്യായീകരിക്കുന്ന രീതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി വി എന്‍ വാസവനും രംഗത്തുവരികയും ചെയ്തു. ഇതില്‍ മുസ്‍ലിം സമൂഹത്തിന് കടുത്ത പ്രതിഷേധമുണ്ട്. രണ്ടു വിഭാഗം സമസ്തയും മറ്റു സംഘടനകളും ഇത് പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതില്‍ മുസ്‍ലിം ലീഗിനകത്ത് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

പാലായില്‍ പോയി ബിഷപ്പിനെ കണ്ട ശേഷം അധ്യായം അടഞ്ഞെന്ന് പറഞ്ഞ വി എന്‍ വാസവനെയും സിപിഎമ്മിനെയും വിമർശിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ തയ്യാറല്ല- 'വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ എവിടെയെങ്കിലും ആര്‍ക്കെങ്കിലും തെറ്റുപറ്റുന്നുണ്ടോയെന്ന് നോക്കിനടക്കുകയല്ല വേണ്ടത്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍ ഏകപക്ഷീയമായ സമീപനം തുടരുന്ന സർക്കാരിനും സിപിഎമ്മിനുമെതിരെ നിലപാടെടുക്കണമെന്നാണ് മറ്റൊരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. വി എന്‍ വാസവന്‍റെ പരാമർശത്തിനെതിരെ രംഗത്തു വന്ന സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയിലൂടെ പുറത്തു വന്നത് ഈ അഭിപ്രായമുള്ളവരുടെ ശബ്ദമാണ്- 'അതിക്രമകാരികളുടെ അരമനയില്‍ ചെന്ന് പ്രശ്നം അവസാനിച്ചെന്ന് പറയാനുള്ള അധികാരം വാസവന് ആര് നല്‍കിയെന്ന് അദ്ദേഹം പറയണം. പാലയില്‍ നിന്ന് ഒരു പാലം എകെജി സെന്‍ററിലേക്ക് കെട്ടിക്കൊണ്ടിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ രഹസ്യമായ ഗൂഢാലോചനയാണ്'.

മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങളുടെ കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിച്ച ഉപസമിതി റിപ്പോർട്ട് നല്‍കിയതും നേതാക്കള്‍ ഓർമിപ്പിക്കുന്നുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News