കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ച അന്തിമഘട്ടത്തിലേക്ക്

രണ്ടുദിവസത്തിനുള്ളിൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടായേക്കും

Update: 2024-03-01 01:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയചർച്ച അന്തിമഘട്ടത്തിലേക്ക്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി നടന്ന അടിയന്തര യോഗത്തിൽ വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിൽ നിലനിന്നിരുന്ന ആശയക്കുഴപ്പം ഏറെക്കുറെ പരിഹരിച്ചെന്നാണ് വിവരം. രണ്ടുദിവസത്തിനുള്ളിൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടായേക്കും.

സമരാഗ്നി സമാപനത്തിന് ശേഷമായിരുന്നു ഇന്നലെ രാത്രി അപ്രതീക്ഷിത കോൺഗ്രസ് യോഗം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം കെ.സി വേണുഗോപാൽ ഇന്നലെ രാത്രി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തി. ആശയക്കുഴപ്പം നിലനിന്നിരുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിക്കുക, വയനാട് സീറ്റിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് അറിയിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. യോഗത്തിൽ സ്ഥാനാർഥിപ്പട്ടികയെക്കുറിച്ച് ഒരു ധാരണയായിക്കഴിഞ്ഞു.

ഇക്കാര്യം കെ.സി വേണുഗോപാൽ ഇന്ന് ഡൽഹിയിലെത്തി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി എന്നിവരെ ധരിപ്പിക്കും. യു.എസിൽ നിന്ന് ഇന്ന് രാഹുൽ ഗാന്ധിയും തിരിച്ചെത്തും. ഇതോടെ ഡൽഹിയിൽ അവസാനവട്ട കൂടിയാലോചനകളും ഇന്ന് നടന്നേക്കും. നാളെയോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വയനാട്, കണ്ണൂർ, ആലപ്പുഴ ഒഴികെയുള്ള സീറ്റുകളിൽ സിറ്റിംഗ് എം.പിമാർ തന്നെ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ വരവിൽ തുടരുന്ന അനിശ്ചിതത്വം നീക്കി, സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്തി പ്രശ്നമുള്ള മൂന്ന് സീറ്റുകളിൽക്കൂടി സ്ഥാനാർഥികളെ തീരുമാനിക്കാനായാൽ കോൺഗ്രസിന് കളത്തിലേക്കിറങ്ങാൻ സാധിക്കും. അത് രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News