'പോസ്റ്റ് മോര്‍ട്ടം പോലും വേണ്ടെന്ന് എം.എൽ.എ പോലും പറഞ്ഞു, ഘാതകന് പൊലീസ് സംരക്ഷണമൊരുക്കി'; വണ്ടിപ്പെരിയാർ പീഡനക്കേസ് അട്ടിമറിക്കപ്പെട്ടെന്ന് കോൺഗ്രസ്

വണ്ടിപ്പെരിയാർ സ്വദേശി അർജുനെയാണ് കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി വെറുതെ വിട്ടത്

Update: 2023-12-15 02:33 GMT
Editor : Lissy P | By : Web Desk

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതക കേസ് അട്ടിമറിക്കപ്പെട്ടെന്ന് കോൺഗ്രസ്.  കേസിന്റെ തുടക്കം മുതലേ ബാഹ്യ ഇടപെടലുണ്ടായെന്നും ഘാതകന് സംരക്ഷണമൊരുക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. പോസ്റ്റ് മോര്‍ട്ടം പോലും വേണ്ടെന്ന് പറഞ്ഞയാളാണ് സ്ഥലം എം.എൽ.എ.യെന്നും  പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ പുനരന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഇടുക്കി ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.സിറിയക് തോമസ് മീഡിയവണിനോട് പറഞ്ഞു.

ഇന്നലെയാണ് വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയത്. വണ്ടിപ്പെരിയാർ സ്വദേശി അർജുനെയാണ് കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി വെറുതെ വിട്ടത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു.

Advertising
Advertising

2021 ജൂൺ 30 നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പീഡനത്തിന് ഇരയായെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് അന്വേഷണം അർജുനിലേക്കെത്തിയത്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ തെളിവുകളും തൊണ്ടി മുതലുകളും ഹാജരാക്കിയെങ്കിലും പ്രതിയെ വെറുതെ വിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

പൊലീസ് അന്വേഷണത്തിൽ വീഴ്ചയില്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷനും വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായിരുന്ന അർജുനിലേക്ക് അന്വേഷണമെത്തിയതോടെ കേസിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടാകുമെന്ന ആരോപണമുയർന്നിരുന്നു. വിധി വന്നതോടെ ആരോപണത്തിന് മൂർച്ച കൂടി പ്രതിയെ വെറുതെ വിട്ടതിൽ പൊലീസിനെതിരെ വിമർശനമുണ്ടെങ്കിൽ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വിധി ഞെട്ടൽ ഉളവാക്കുന്നതും സംശയം ജനിപ്പിക്കുന്നതുമെന്നായിരുന്നു സി.പി.ഐ.യുടെ പ്രതികരണം. പൊലീസിന് വീഴ്ച പറ്റിയെന്ന് ബി.ജെ.പി.നേതൃത്വവും കുറ്റപ്പെടുത്തി. കേസിൽ അപ്പീൽ നൽകാനാണ് പൊലീസിൻ്റെ നീക്കം. വിധിക്ക് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, തെളിവുകളുടെ അഭാവത്തിൽ പ്രതിസ്ഥാനത്തുള്ളയാളെ കോടതി വെറുതെ വിട്ടതോടെ യഥാർത്ഥ പ്രതിയാര് എന്ന ചോദ്യം ബാക്കിയാവുകയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News