രാഹുൽ മാങ്കൂട്ടത്തിലിനെചൊല്ലി കോൺഗ്രസിൽ ഭിന്നത; പിന്തുണച്ച കെ.സുധാകരനെ തള്ളി കെ.മുരളീധരൻ
നിരപരാധിയെന്ന് പറയാൻ അന്വേഷണ റിപ്പോർട്ട് വരണമെന്നും പാർട്ടി നടപടി നേരിടുന്ന രാഹുലുമായി നേതാക്കൾ വേദി പങ്കിടരുതെന്നും മുരളീധരൻ പറഞ്ഞു
തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. രാഹുലിനെ പിന്തുണച്ച കെ.സുധാകരനെ തള്ളി കെ.മുരളീധരൻ രംഗത്തെത്തി. നിരപരാധിയെന്ന് പറയാൻ അന്വേഷണ റിപ്പോർട്ട് വരണമെന്നും പാർട്ടി നടപടി നേരിടുന്ന രാഹുലുമായി നേതാക്കൾ വേദി പങ്കിടരുതെന്നും മുരളീധരൻ പറഞ്ഞു.
രാഹുലിനെ പ്രചാരണത്തിന് വിളിക്കണോയെന്ന് സ്ഥാനാര്‍ഥികൾ തീരുമാനിക്കട്ടെയെന്നെയായിരുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്റെ പ്രതികരണം. വിലക്കിനിടയിലും പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടം സജീവമാണ്.
സുധാകരന്‍റെ നിലപാട് തള്ളിയ കെ. മുരളീധരന്‍ നിലപാട് കടുപ്പിച്ചു. രാഹുല്‍ നിരപരാധിയെന്ന് പറയാനാകില്ല, രാഹുലുമായി നേതാക്കള്‍ വേദി പങ്കിടരുതെന്നും മുരളീധരന്‍ പറഞ്ഞു. രാഹുലിനെ പാര്‍ട്ടി വേദികളില്‍ പങ്കെടുപ്പിക്കണ്ട എന്ന നേതൃതീരുമാനം വ്യക്തമാക്കുന്നതായിരുന്നു കെപിസിസി അധ്യക്ഷന്‍റെ പ്രതികരണം .
''പാര്‍ട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. ഞാൻ അനുസരിക്കുന്നുണ്ട് . ഇപ്പോൾ നടക്കുന്നത് തന്നെ എംഎല്‍എ ആക്കിയവര്‍ക്കായുള്ള പ്രചാരണമാണെന്നും'' രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നായിരുന്നു വിഷയത്തില്‍ മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്‍റെ പ്രതികരണം.