പിഎം ശ്രീ പദ്ധതി: എതിർപ്പ് അവഗണിച്ച് പദ്ധതിയിൽ ഒപ്പുവച്ചതിൽ സിപിഐ കടുത്ത അമർഷത്തിൽ

കൂടിയാലോചന പോലും നടത്താതെ എന്ത് മുന്നണി സംവിധാനം എന്നതാണ് സിപിഐയുടെ ചോദ്യം

Update: 2025-10-24 01:56 GMT

തിരുവന്തപുരം: എതിർപ്പ് അവഗണിച്ച് പിഎം ശ്രീയിൽ സർക്കാർ ഒപ്പുവെച്ചതിൽ സിപിഐ കടുത്ത അമർഷത്തിൽ. കൂടിയാലോചന ഇല്ലാത്ത നടപടി മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇന്ന് ചേരുന്ന സിപിഐ അടിയന്തര സെക്രട്ടറിയേറ്റ് യോഗം തുടർ നീക്കങ്ങൾ ചർച്ച ചെയ്യും. സിപിഎം സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.

പ്രധാന ഘടകകക്ഷിയായ സിപിഐ യുടെ എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ചേർന്നത്. കൂടിയാലോചന പോലും നടത്താതെ എന്ത് മുന്നണി സംവിധാനം എന്നതാണ് സിപിഐയുടെ ചോദ്യം . പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സംസ്ഥാന കൗൺസിലിന് ഉറപ്പും നൽകിയതാണ്. സമ്മർദം തുടരുന്നതിനിടെ ആലോചനകൾ പോലും ഇല്ലാതെ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ഒപ്പുവച്ചത് രണ്ടാം കക്ഷി എന്ന പരിഗണന പോലും ഇല്ലാതെയാണ് എന്ന കടുത്ത അമർഷത്തിലാണ് സിപിഐ. മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചപ്പോഴും മറുപടി നൽകാത്തത് പദ്ധതിയിൽ ഒപ്പുവെക്കാൻ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് എന്നാണ്‌ വിലയിരുത്തൽ. സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി മറ്റൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് ബിനോയ്‌ വിശ്വം വ്യക്തമാക്കിയത് . എന്നാൽ ഈ നിലപാടുകളെ പാടെ അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവച്ചത്. ഇത് മുന്നണി മര്യാദകളുടെ ലംഘനം എന്നാണ് സിപിഐയുടെ വിലയിരുത്തൽ.

സർക്കാർ നിലപാട് വഞ്ചനാപരം എന്നാണ് സിപിയുടെ യുവജന വിദ്യാർത്ഥി സംഘടനകളുടെ നിലപാട്. മുഖ്യമന്ത്രിയുടെ കൂടി അനുവാദത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐ കടുത്ത നിലപാടിലേക്ക് പോകില്ലെന്നാണ് സിപിഎം കരുതുന്നത്. മുഖ്യമന്ത്രിയുടെ നിലപാടും പൊതു വിദ്യാഭ്യാസ വകുപ്പിന് അനുകൂലമാണ്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News