വീണക്കെതിരെ കേസെടുത്തപ്പോള്‍ പാര്‍ട്ടി എന്തിന് പ്രസ്താവനയിറക്കി? സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസ് വ്യക്തിപരമായി നേരിടട്ടെ എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്

Update: 2026-10-20 07:23 GMT

കണ്ണൂര്‍: ടി. വീണക്കെതിരായ കേസിനെ പാര്‍ട്ടിക്കെതിരായ അക്രമമെന്ന് ചിത്രീകരിച്ചതില്‍ സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. വീണക്കെതിരെ കേസെടുത്തപ്പോള്‍ പാര്‍ട്ടി പ്രസ്താവനയിറക്കിയത് എന്തിനെന്നും ചോദ്യമുയര്‍ന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസ് വ്യക്തിപരമായി നേരിടട്ടെ എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. വി.എസ് അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ നിലപാട് സ്വീകരിച്ചു. വീണയുടെ കാര്യത്തില്‍ എന്തിനാണ് വ്യത്യസ് നിലപാടെന്നും പാനൂര്‍, ശ്രീകണ്ഠാപുരം ഏരിയ പ്രതിനിധികള്‍ ചോദിച്ചു.

Advertising
Advertising

കഴിഞ്ഞ ദിവസം, സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ യഥാസമയം പ്രതികരിച്ചില്ലെന്നും ഇത് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസുമായി ഉയര്‍ന്നുവന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ വീഴ്ച ഉണ്ടായതായും ഇത് എതിരാളികള്‍ക്ക് പുകമറ സൃഷ്ടിക്കാന്‍ സഹായകമായെന്നും വിമര്‍ശനമുയര്‍ന്നു.

ആത്മവിമര്‍ശനത്തിനും കമ്മിറ്റി വേദിയായി. പയ്യന്നൂരില്‍ അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നതും പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ വീഴ്ചയും തെരെഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ പരാമര്‍ശിക്കുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം.

വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കെ.കെ ശൈലജയെ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനവും തെരഞ്ഞെടുപ്പിനെ ബാധിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് പിന്നാലെ നടന്ന ചര്‍ച്ചയില്‍ കെ.കെ രാഗേഷിനെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി.

അതേസമയം മാസപ്പടി ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സിന്റെ എഫ്ഐആര്‍. പിണറായി വിജയനും മുഹമ്മദ് റിയാസും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എഫ്ഐആറില്‍ പറയുന്നു. ഹവാല ഇടപാടില്‍ മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും ടി. വീണയെ പ്രതി ചേര്‍ത്തിട്ടുണ്ട്.

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പ്രതികള്‍ പരസ്പരം ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തിയെന്നാണ് കേസിലെ പ്രധാന ആരോപണം. തനിക്കും മകള്‍ക്കും മകളുടെ കമ്പനിക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പിണറായി വിജയന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി ഐടി മാര്‍ക്കറ്റിങ് സേവനങ്ങളുടെ മറവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പ്രതിമാസം മൂന്ന് ലക്ഷവും, വീണക്ക് വ്യക്തിഗതമായി അഞ്ച് ലക്ഷവും നല്‍കാന്‍ നിയമവിരുദ്ധമായി കരാറുണ്ടാക്കുകയും ചെയ്തു.

യാതൊരുവിധ കണ്‍സള്‍ട്ടന്‍സി സേവനങ്ങൾ നല്‍കാതെയും ഇന്‍വോയിസുകള്‍ ഇല്ലാതെയും ഇവര്‍ പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധനനിയമം സെക്ഷന്‍ 13(1)(ഡി), ഐപിസി സെക്ഷന്‍ 120(ബി) ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകള്‍.

വീണയുടെ കമ്പനി സേവനങ്ങള്‍ നല്‍കിയതിന് തെളിവില്ലെന്നും പിണറായിയുമായുള്ള ബന്ധമാണ് വീണയ്ക്ക് കര്‍ത്തയില്‍ നിന്ന് പണം ലഭിക്കാന്‍ കാരണമെന്നും മൊഴിയിലുണ്ട്. ഈ തുക നിയമവിരുദ്ധ പ്രതിഫലം ആണെന്നാണ് ഇഡിയുടെ നിഗമനം. പണം കൈമാറ്റത്തിന് എക്സാലോജിക്, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളെ ഉപയോഗപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News