തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല; ഷൊർണൂർ അപകടത്തിൽ കരാ​റുകാരനെതിരെ ക്രിമിനൽ കേസ്

മരിച്ചവർക്ക് റെയിൽവേ ഒരു ലക്ഷം വീതം നൽകും

Update: 2024-11-03 05:04 GMT

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.

കരാറുകാരൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയിൽവേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികൾ സ്റ്റേഷനിലേക്ക് പോകാൻ റോഡിന് പകരം അനുമതിയില്ലാതെ റെയിൽവേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തിൽ വേഗ നിയന്ത്രണമില്ലെന്നും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. മരിച്ച തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.

Advertising
Advertising

അതേസമയം, ട്രെയിൻ തട്ടി പുഴയിൽ വീണ തൊഴിലാളിക്കായുള്ള തിരച്ചിൽ ഞായറാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കൊച്ചിൻ പാലത്തിൽ കരാർ തൊഴിലാളികളായ മൂന്നുപേർ ട്രെയിനിടിച്ചു മരിച്ചത് . ഒരാൾ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത് .

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി സംഭവസ്ഥലം സന്ദർശിച്ചേക്കും.

റെയിൽവേ ട്രാക്ക് ശുചീകരണത്തിനായി കരാർ എടുത്ത വ്യക്തിയുടെ തൊഴിലാളികളാണ് മരിച്ചവർ. 10 തൊഴിലാളികളാണ് സംഭവം സമയം ഉണ്ടായിരുന്നത്. ഈ സമയത്താണ് കേരള എക്സ്പ്രസ് വന്നത്. കൈവരി ഇല്ലാത്ത പാലത്തിൽ ഇവർക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സാധിച്ചില്ല . ആറുപേർ ഓടി രക്ഷപ്പെട്ടു . മൂന്നുപേർ അപകടത്തിൽപെട്ട് മരിച്ചു. ഇതിനിടെ ഒരാൾ ഭാരതപ്പുഴയിലേക്ക് വീഴുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം ട്രാക്കിൽനിന്നാണ് കണ്ടെത്തിയത്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News