Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ മറവിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കായി യുജിസി പുറത്തുവിട്ട മാതൃക പാഠ്യപദ്ധതി ചട്ടക്കൂട് ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനായാണെന്നും ഇത് അംഗീകരിക്കില്ലെന്നും ചെറുത്തുതോൽപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ അംഗീകരിക്കുക പോലും ചെയ്യാത്ത ഒന്നാണ് ദേശീയ വിദ്യാഭ്യാസ നയം. ഒമ്പത് വിഷയങ്ങൾക്കായി തയ്യാറാക്കിയ ചട്ടക്കൂടിലാണ് ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയിരിക്കുന്നത്.
യുജിസി എംബ്ലത്തിന് പകരം സരസ്വതി ദേവിയുടെ ചിത്രവും പ്രാർഥനയുമാണ് ചട്ടക്കൂടിൽ ഉള്ളത്. കെമിസ്ട്രിയുടെ ചട്ടക്കൂടിൽ റഫറൻസിനായി ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളിൽ ഒന്ന് 'ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി' എന്ന പുസ്തകമാണ്. കണക്ക് പുസ്തകത്തിൽ റഫറൻസ് പുസ്തകങ്ങളായി പറയുന്നത് വേദിക്ക് മാത്തമാറ്റിക്സിലെ സൂത്ര, നാരദ പുരാണത്തിലെ മാത്തമാറ്റിക്സ് എന്നിവയാണ്. പൊളിറ്റിക്കൽ സയൻസ് ചട്ടക്കൂടിൽ വി.ഡി സവർക്കർ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രം പഠിക്കണമെന്നും പറയുന്നതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ചൂണ്ടികാണിച്ചു.
ദേശീയ പ്രസ്ഥാനത്തിൻ്റെ നിർണായക നോക്കളിൽ ഒരാൾ എന്നാണ് സവർക്കറെ പരിചയപ്പെടുത്തിയിരിക്കുന്നതെന്നും ചെറിയ ക്ലാസുകൾ മുതലുള്ള എൻസിഇആർടി പുസ്തകങ്ങളിൽ സംഘ്പരിവാർ തങ്ങളാഗ്രഹിക്കുന്ന രീതിയിൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയാണെന്നും ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റ് വിലയിരുത്തി. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് ഒഴിവാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നതായും ഇതിൻ്റെ തുടർച്ച തന്നെയാണ് ഡിഗ്രി, പി.ജി പാഠ്യപദ്ധതി ചട്ടക്കൂടിലും നടപ്പാക്കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വിമർശിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഈ ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. സഈദ് ടി.കെ, ഗോപു തോന്നക്കൽ, ബാസിത് താനൂർ, അമീൻ റിയാസ്, ഷമീമ സക്കീർ, ലബീബ് കായക്കൊടി, കെ.എം.സാബിർ അഹ്സൻ, സുനിൽകുമാർ അട്ടപ്പാടി എന്നിവർ സംസാരിച്ചു.