കുസാറ്റ് ദുരന്തം; സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ചാൻസിലർ അടക്കമുള്ളവരുടെ മൊഴിയുമെടുക്കും

Update: 2023-11-27 01:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ചാൻസിലർ അടക്കമുള്ളവരുടെ മൊഴിയുമെടുക്കും. ഇതിനുശേഷം ആകും കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കളമശ്ശേരി പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഗീത പരിപാടി സംഘടിപ്പിച്ചതിലെ സുരക്ഷാ വീഴ്ചകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അപകടത്തില്‍ മരിച്ച താമരശ്ശേരി സ്വദേശി സാറാ തോമസിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്‍റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിലാണ് സംസ്കാരം. ഇന്നലെ പൊതു ദർശനത്തിന് വെച്ച താമരശ്ശേരി അൽഫോൻസാ സ്കൂളിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി അന്ത്യാജ്ഞലി നൽകിയിരുന്നു.

അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ്  കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തില്‍  തുടരുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ ൩൪ പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. രണ്ട് പേര്‍ ഇടപ്പള്ളി കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കല്‍ സംഘം കളമശേരി മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്.

കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഗീത നിശ അരങ്ങേറേണ്ട വേദി ദുരന്തഭൂമിയായി മാറി. സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലുംപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News