ശബരിമല വിഗ്രഹക്കടത്ത് പരാതി; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നു
നിർണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് ഡി മണിയെയും ശ്രീകൃഷ്ണനെയും ദിണ്ടിഗലിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്തത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഡി മണി എന്ന ബാലമുരുഗനെ ചോദ്യം ചെയ്യുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.ദിണ്ടിഗലിലെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ.ഇടനിലക്കാരനായ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നുണ്ട്.
ഡി മണിയുടെ വീട്ടിലും ഓഫീസുകളിലും എസ് ഐ ടിയുടെ പരിശോധന നടത്തി. ഡി.മണിയെന്ന ബാലമുരുകന് രാജ്യാന്തര വിഗ്രഹ കടത്ത് സംഘവുമായുള്ള ബന്ധത്തെ കുറിച്ചുള്ള തെളിവുകൾ ലഭ്യമായതോടെയാണ് കൂടുതൽ അന്വേഷണത്തിലേക്ക് എസ് ഐ ടി കടന്നത്. ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയോ എന്നതിലാണ് പരിശോധന.
ദിണ്ടിഗലിലെ ഡി മണിയുടെ വീട്ടിലും വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് എസ്ഐടി പരിശോധന നടത്തിയത്. ഇവിടെ നിന്ന് ചില രേഖകൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇത് അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ബാലമുരുകൻ്റെ സഹായിയാണ് ശ്രീകൃഷ്ണൻ. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
ചില നിർണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് ഡി മണിയെയും ശ്രീകൃഷ്ണനെയും ദിണ്ടിഗ ലിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്തത്. അതിനിടെ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ എൻ.വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും ചോദ്യം ചെയ്യുന്നത് വൈകിയേക്കും എന്നാണ് എസ് ഐ ടി നൽകുന്ന വിവരം. എൻ വിജയകുമാർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യ അപേക്ഷയിൽ തീരുമാനമായതിനുശേഷമാകും വിജയകുമാറിൻ്റെ ചോദ്യംചെയ്യൽ. കെ.പി ശങ്കര ദാസിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുൻ അംഗങ്ങളായ കെ പി ശങ്കരദാസിനെയും എൻ വിജയകുമാറിനെയും കേസിൽ പ്രതികരിക്കാത്തത് എന്താണെന്ന് ഹൈക്കോടതി അന്വേഷണസംഘത്തോടെ ചോദിച്ചിരുന്നു.