'മരണത്തിലും മാതൃകാ അധ്യാപകൻ'; നാലുപേർക്ക് പുതുജീവൻ നൽകി രാജേഷ് മാഷ് യാത്രയായി

അമൃത എച്ച്എസ്എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആർ. രാജേഷിന്റെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നാലുപേർക്ക് ദാനം ചെയ്തത്.

Update: 2025-02-14 15:35 GMT

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്എസ്എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആർ. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നാലുപേർക്ക് ദാനം ചെയ്തത്. വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിനും മറ്റൊന്ന് കിംസ് ആശുപത്രിക്കുമാണ് നൽകിയത്. നേത്രപടലം തിരുവനന്തപുരം റീജ്യനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിക്ക് നൽകി. തീവ്ര ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.

Advertising
Advertising

തിരുവനന്തപുരം വർക്കല തോപ്പുവിള കുരക്കണ്ണി മുണ്ടേയ്ൽ സ്വദേശിയായ ആർ. രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ഫെബ്രുവരി എട്ടിന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഭാര്യ സംഗീത, മക്കൾ ഹരിശാന്ത്, ശിവശാന്ത് എന്നിവർ സമ്മതം നൽകിയതോടെ അവയവദാനത്തിന് വഴിയൊരുങ്ങിയത്.

സർക്കാരിന്റെ അവയവദാന പദ്ധതി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടിയും നടന്നത്. രാജേഷിന്റെ സംസ്‌കാര ചടങ്ങുകൾ ഫെബ്രുവരി 15ന് വർക്കലയിലെ വീട്ടിൽ നടക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News