ചോറ്റാനിക്കരയിലെ 19കാരിയുടെ മരണം; പ്രതി കെ.എം അനൂപിന് ജാമ്യം
ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു
കൊച്ചി: ചോറ്റാനിക്കരയിലെ 19കാരിയുടെ മരണത്തിൽ പ്രതിയായ തലയോലപ്പറമ്പ് സ്വദേശി കെ.എം അനൂപിന് ജാമ്യം. അറസ്റ്റിലായി ഒൻപത് മാസത്തിന് ശേഷമാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
പ്രതിയുടെ പ്രായം, മുൻ ക്രിമിനൽ പശ്ചാത്തലങ്ങളുടെ അഭാവം, ദീർഘനാളായി ജയിലിൽ കഴിയുന്നു എന്നിവ കണക്കിലെടുത്താണ് കോടതിയുടെ നടപടി. പ്രതിക്കെതിരായ ലൈംഗിതാക്രമ കുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിർബന്ധിത ലൈംഗിക ബന്ധത്തിന്റെ തെളിവുകളില്ലെന്നും കോടതിയുടെ നിരീക്ഷണത്തിലുണ്ട്.
2025 ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. ശരീരമാസകലം മുറിവുകളിൽ ഉറുമ്പ് അരിച്ച നിലയിലായിരുന്നു 19കാരിയെ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി, ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ലഹരിക്കേസിൽ അടക്കം പ്രതിയാണ് അനൂപ്.
കൃത്യം നടന്ന ദിവസം രാത്രിയാണ് അനൂപ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന സൗഹൃദം ചോദ്യം ചെയ്ത് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടി മരിച്ചുവെന്ന് കരുതി അനൂപ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
പോക്‌സോ കേസ് അതിജീവിതയാണ് മരിച്ച പെൺകുട്ടി. പെൺകുട്ടിക്ക് 17 വയസുണ്ടായിരുന്ന സമയത്ത് സ്വകാര്യബസിലെ രണ്ട് ജീവനക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പ്രതിക്ള അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഈ കേസിലെ ജാമ്യം ലഭിച്ചിരുന്നു.