കാസർകോട്- മംഗളൂരു ദേശീയപാതാ ടോൾ പ്ലാസയിൽ യൂസർ ഫീ ഈടാക്കാൻ തീരുമാനം; പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി
യൂസർ ഫീ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Photo|MediaOne
കാസർകോട്: കാസർകോട്- മംഗളൂരു ദേശീയപാതയിൽ കുമ്പളയിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ യൂസർ ഫീ ഈടാക്കാൻ തീരുമാനം. കേന്ദ്ര അനുമതി ഇല്ലാതെയാണ് ദേശീയപാതാ അതോറിറ്റിയുടെ യൂസർ ഫീ പിരിവെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ടോൾ ബൂത്തിൽ യൂസർ ഫീ ഈടാക്കുന്നത് തടയാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
ഇന്ന് രാവിലെ എട്ട് മുതൽ യൂസർ ഫീ പിരിക്കുമെന്ന് ദേശീയപാതാ അധികൃതർ പത്ര പരസ്യത്തിലൂടെയാണ് അറിയിച്ചത്. യൂസർ ഫീ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ടോൾ ബൂത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ദേശീയപാതാ അതോറിറ്റിയുടെ നീക്കം. യൂസർ ഫീ പിരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പ്രത്യേക അറിയിപ്പൊന്നും ലഭിച്ചിട്ടുമില്ല.
സംഭവം വിവാദമായതോടെ ഇന്ന് മുതൽ യൂസർ ഫീ പിരിക്കുന്നതിൽ നിന്ന് താത്കാലികമായി ദേശീയപാതാ അധികൃതർ പിന്മാറി. വെള്ളിയാഴ്ച കോടതി വിധി വരുന്നത് വരെ ടോൾ പിരിക്കേണ്ടെന്നാണ് തീരുമാനം. യൂസർ ഫീ ഈടാക്കുന്നത് ജനകീയമായി തടയുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.