ഡെൽറ്റ പ്ലസ് വൈറസ് ഭീതിയിൽ കേരളം: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ ഒരാഴ്ച അടച്ചിടും

സംസ്ഥാനത്ത് അദ്യമായി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്ര പഞ്ചായത്തിലും പരിശോധനകളും ജാഗ്രതയും ശക്തമാക്കി

Update: 2021-06-23 02:36 GMT
Advertising

കോവിഡ് ഡെൽറ്റ പ്ലസ് വൈറസ് ഭീതിയിൽ സംസ്ഥാനം. പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് പാലക്കാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ ഏഴ് ദിവസം പൂർണമായും അടച്ചിടും.

പാലക്കാട് രണ്ട് ഡെല്‍റ്റ പ്ലസ് കേസുകളാണ് സ്ഥിരീകരിച്ചത്. പറളി, പിരായിരി പഞ്ചായത്തുകളിലാണിത്. രണ്ട് സ്ത്രീകള്‍ക്കാണ് സ്ഥിരീകരിച്ചത്. ഈ രണ്ട് പഞ്ചായത്തുകളും പൂര്‍ണമായി അടച്ചിടും. കോവിഡ് ഇളവുകളൊന്നും ഈ പഞ്ചായത്തുകളിലുണ്ടാവില്ല. രാവിലെ 9 മുതല്‍‌ ഉച്ചയ്ക്ക് രണ്ട് വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. വളണ്ടിയര്‍മാര്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിച്ചുനല്‍കും.

പത്തനംതിട്ടയിലും ജാഗ്രത

സംസ്ഥാനത്ത് അദ്യമായി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്ര പഞ്ചായത്തിലും പരിശോധനകളും ജാഗ്രതയും ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പ്രദേശത്തടക്കം പ്രത്യേക മെഡിക്കൽ സംഘം സന്ദർശന നടത്തും. കടപ്രയിലെ രോഗ വ്യാപന നിരക്കിൽ വർധനവുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം കൂടി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇതനുസരിച്ചാണ് കോവിഡ് ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്ത കടപ്ര പഞ്ചായത്തില്‍ പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടിപിആര്‍ നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളിലും കോളനികള്‍ കേന്ദ്രീകരിച്ചും പ്രത്യേകം ശ്രദ്ധ ചെലുത്തും. കൂടുതല്‍ കേസുകള്‍ ഉണ്ടോയെന്ന് അറിയുന്നതിനായി റാന്‍ഡം രീതിയില്‍ സാംപിളുകള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് ബാധിതരായവരെയും രോഗലക്ഷണമുള്ളവരെയുമാണ് ആദ്യം പരിശോധനയ്ക്ക് വിധേയരാക്കുക. ഇവരുടെ സ്രവ സാമ്പിളുകൾ കൂടി ജിനോമിക് പരിശോധനയ്ക്കായി ഡൽഹിയിലേക്ക് അയയ്ക്കും. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലയിൽ വരും ദിവസം പ്രത്യേക മെഡിക്കൽ ടീം സന്ദർശിക്കും. മെയ് 24ന് നാല് വയസുകാരന് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചതോടെ കടപ്ര പഞ്ചായത്തിലെ 18 പേരെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

അതിവ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വൈറസ് വകഭേദം. രാജ്യത്ത് ഇതുവരെ 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ പുതിയ വകഭേദം അപകടകാരിയെന്ന് കേന്ദ്ര  ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. വൈറസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിലും ക്ലസ്റ്ററുകളിലും പ്രതിരോധ നടപടികൾ, പരിശോധന, വാക്സിനേഷൻ എന്നിവ വേഗത്തിലാക്കാനാണ് നിര്‍ദേശം.


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News