ദേവികുളം എം.എൽ.എയെ മര്‍ദ്ദിച്ച സംഭവം: മൂന്നാർ എസ്.ഐയെ സ്ഥലം മാറ്റി

പണിമുടക്കിന്‍റെ ഭാഗമായി മൂന്നാറിൽ നടന്ന പൊതുയോഗത്തിനിടെ സമരാനുകൂലികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു

Update: 2022-03-30 02:19 GMT
Editor : ijas
Advertising

ഇടുക്കി: പണിമുടക്കിനിടെ മൂന്നാറിലുണ്ടായ സംഘർഷത്തിൽ ദേവികുളം എം.എൽ.എ.എ രാജ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ മൂന്നാർ എസ്.ഐക്കെതിരെ വകുപ്പ് തല നടപടി. എസ് ഐ എം.പി. സാഗറിനെ ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോയിലേക്ക് മാറ്റി നിയമിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സാമിയാണ് ഉത്തരവിറക്കിയത്.

പണിമുടക്കിന്‍റെ ഭാഗമായി മൂന്നാറിൽ നടന്ന പൊതുയോഗത്തിനിടെ സമരാനുകൂലികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സമരവേദിയില്‍ എം.എല്‍.എ പ്രസംഗിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടയുകയായിരുന്നു. ഇതോടെ പൊലീസ് ഇടപെടുകയും സംഘര്‍ഷം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ടതോടെ എം.എല്‍.എ നേരിട്ട് വേദിയില്‍ നിന്ന് ഇറങ്ങിവന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ രാജ താഴെ വീഴുകയും സംഘര്‍ഷത്തില്‍ ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അകാരണമായി മർദിച്ചെന്നാരോപിച്ച് എ രാജ എം.എൽ.എ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശിയും രംഗത്തുവന്നിരുന്നു. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും കെ വി ശശി പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News