താരരാജാക്കന്മാർ മൗനം പാലിച്ചു, പ്രമുഖർ മൊഴി മാറ്റി; നടി അക്രമിക്കപ്പെട്ട കേസിൽ ഓരോ ഘട്ടത്തിലും 'അമ്മ' നേരിട്ടത് വലിയ വിമർശനം

പൃഥ്വിരാജ് ആസിഫ് അലി അടക്കമുള്ളവർ പുറത്താക്കണമെന്ന നിലപാടിലുറച്ചു

Update: 2025-12-07 02:33 GMT

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ നടി നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുമ്പോൾ, സിനിമാ മേഖലയിലെ താരസംഘടനയായ 'അമ്മ' എടുത്ത നിലപാടുകളാണ് ഓരോ ഘട്ടത്തിലും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. മൊഴിമാറ്റിയും ജയിലിൽ എത്തി ദിലീപിന് പിന്തുണ നൽകിയും നിരവധി താരങ്ങൾ രംഗത്ത് വന്നു. അതിജീവിതയ്ക്കൊപ്പം ഉറച്ചു നിന്ന സിനിമയിലെ വനിതാ കൂട്ടായ്മയായ WCC അംഗങ്ങൾക്ക് അവസരങ്ങൾ പലതും നഷ്ട്ടമായി.

അക്രമിക്കപ്പെട്ട നടിക്കുവേണ്ടി ശബ്ദമുയർത്തിക്കൊണ്ടാണ് 'അമ്മ' തുടക്കത്തിൽ രംഗത്തെത്തിയത്. എന്നാൽ, സിനിമാ ലോകത്തെ അതികായനായ ദിലീപ് കേസിൽ പ്രതിയായി അറസ്റ്റിലായതോടെ സംഘടനയുടെ നിലപാട് മാറി. താരത്തിന്റെ അറസ്റ്റിനുശേഷം, പല മുതിർന്ന താരങ്ങളും ദിലീപിന് അനുകൂലമായി പ്രസ്താവനകൾ ഇറക്കി. നിർണായക ഘട്ടത്തിൽ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരരാജാക്കന്മാർ മൗനം പാലിച്ചത് വലിയ ചോദ്യചിഹ്നമായി. പൊതുസമൂഹത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ, സംഘടനയ്ക്ക് ദിലീപിനെ പുറത്താക്കേണ്ടി വന്നു. പൃഥ്വിരാജ് ആസിഫ് അലി അടക്കമുള്ളവർ പുറത്താക്കണമെന്ന നിലപാടിലുറച്ചു നിന്നതോടെയാണ് ദിലീപിനെ പുറത്താക്കാൻ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചത്.

Advertising
Advertising

ദിലീപിനുനേരെ ആരോപണങ്ങൾ ഉയർന്ന ഉടൻതന്നെ ലാൽ ജോസ് സലിംകുമാർ അജുവർഗീസ് തുടങ്ങിയവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 2017 ജൂൺ 23ന് നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർക്ക് നേരെ എംഎൽഎമാർ കൂടിയായിരുന്ന നടൻ മുകേഷും ഗണേഷ് കുമാർ പൊട്ടിത്തെറിച്ചു. ദിലീപിനെ കുറിച്ച് അനാവശ്യം പറയരുതെന്നും താങ്കൾക്ക് ദിലീപിനെ യാതൊരു സംശയവും ഇല്ലെന്നും ഇരുവരും പറഞ്ഞു. ഇരുവരുടെയും പെരുമാറ്റത്തിൽ ക്ഷമ പറഞ്ഞെത്തിയ ഇന്നസെന്റും ദിലീപിനെ ചേർത്തു പിടിച്ചു. രണ്ടുപേരും അമ്മയുടെ മക്കളാണെന്നും രണ്ടുപേരെയും ചേർത്തുപിടിക്കുന്നു എന്ന് നടൻ മോഹൻലാൽ പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനെ, യാതൊരുവിധ ചർച്ചകളോ ധാർമികമായ നിലപാടുകളോ ഇല്ലാതെ സംഘടനയിലേക്ക് 'അമ്മ' തിരികെ എടുത്തു. ഈ നടപടി അതിജീവിതയെ ഒറ്റപ്പെടുത്തുന്നതാണെന്നും നീതി നിഷേധമാണെന്നും ശക്തമായ വിമർശനം ഉയർന്നു.

നടപടിയിൽ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ ഉൾപ്പെടെ നാല് നടിമാർ സംഘടനയിൽനിന്ന് രാജിവച്ച് ഇറങ്ങിപ്പോയി.കേസിന്റെ വിചാരണാ വേളയിൽ, പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന പ്രമുഖ താരങ്ങൾ മൊഴി മാറ്റി. സിദ്ദീഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവർ കൂറുമാറിയതായി പ്രഖ്യാപിക്കപ്പെട്ടു.ദിലീപ് ജയിലിലായിരുന്നപ്പോൾ പോലും ഗണേഷ് കുമാർ, ജയറാം, സിദ്ദീഖ്, വിജയരാഘവൻ,ആന്റണി പെരുമ്പാവൂർ, നദിർഷാ ഉൾപ്പെടെയുള്ള പ്രമുഖർ ജയിലിലെത്തി സന്ദർശനം നടത്തിയത് ഏറെ വിവാദമായിരുന്നു. 85 ദിവസം ജയിലിൽ കിടന്ന ദിലീപിനെ കാണാൻ എത്തിയത് 78 സന്ദർശകരാണ്. ഇതിൽ ഭൂരിഭാഗവും സിനിമാപ്രവർത്തകരായിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News