"കാണേണ്ടവർ എല്ലാ സിനിമയും കണ്ടിട്ടുണ്ട്, കൂവിത്തോൽപ്പിക്കാൻ പറ്റില്ല"; രഞ്ജിത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പ്രതിഷേധമായിരുന്നു

Update: 2022-12-17 07:48 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: 'അങ്ങനെ വല്യ കൂവലൊന്നും ഉണ്ടായിട്ടില്ല, അപശബ്ദം മാത്രമാണുണ്ടായത്'; 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ കാണികളുടെ കൂവൽ നേരിട്ടതിനെതിരെ പ്രതികരിച്ച് സംവിധായകൻ രഞ്ജിത്ത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പ്രതിഷേധമായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു. 

സിനിമകൾ കാണാൻ കഴിഞ്ഞില്ലെന്ന പരാതികൾ അടിസ്ഥാനരഹിതമാണ്. കാണേണ്ടവർ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. വലിയ തുക കൊടുത്താണ് വിദേശത്ത് നിന്നുള്ള സിനിമകൾ സ്‌ക്രീനിങ്ങിന് എത്തിക്കുന്നത്. രണ്ട് സ്‌ക്രീനിങ്ങാണ് ഈ വിഭാഗത്തിലെ സിനിമകൾക്കുള്ളത്. ഇവ കാണാൻ ഓടിയെത്തിയവർ സിനിമ കണ്ടിട്ടുണ്ട്, ഉഴപ്പി മാറി നിന്നവർക്കാണ് സിനിമകൾ നഷ്ടമായത്. 

Advertising
Advertising

 നൻപകൽ നേരത്ത് മയക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസ് എത്തിയിരുന്നു. പിടിച്ച് മാറ്റിയവരുടെ കൂട്ടത്തിൽ ഡെലിഗേറ്റ് പാസ് പോലുമില്ലാത്തവരുണ്ട്. വെറുതെ പാസ് പോലുമില്ലാതെ ബഹളം വെക്കുന്നത് ചിലരുടെ മനോഭാവമാണെന്നും രഞ്ജിത്ത് പറഞ്ഞു. കരുതിക്കൂട്ടി ചെയ്തതാണെന്ന സംശയവും രഞ്ജിത്ത് പ്രകടിപ്പിച്ചു. 

അക്കാദമിക്ക് ഇതുകൊണ്ട് യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ല. ആരുടെ മുന്നിലും തലകുനിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടില്ല. ഏറ്റവും നല്ല സിനിമകൾ കൊണ്ടുവരാൻ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ നടന്ന സമാപന ചടങ്ങിൽ അവാർഡ് ജേതാക്കളെ നിറഞ്ഞ കൈയടിയോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചതെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. 

എസ്എഫ്‌ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവൽ പുത്തരിയല്ലെന്നത് വെറുതെ പറഞ്ഞതല്ലെന്നും രഞ്ജിത്ത് പറഞ്ഞു. കൂവൽ കൊണ്ടൊന്നും തന്നെ തോൽപ്പിക്കാൻ പറ്റില്ല, യുപി ക്ലാസ് മുതൽ എസ്എഫ്ഐ പ്രവർത്തകനാണ്. സമരങ്ങളിലൂടെ കടന്നുവന്നതിനാൽ കേവലം കുറച്ച് പേർ അപശബ്ദങ്ങൾ ഉണ്ടാക്കിയത് കാര്യമായി എടുക്കുന്നില്ലെന്നും രഞ്ജിത്ത് മീഡിയവണിനോട് പറഞ്ഞു.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News