വഖഫിൽ വിയോജിപ്പ്: പാർട്ടി വിട്ട മുൻ ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ
ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി സ്വീകരിച്ചു.
ഇടുക്കി: വഖഫിൽ കോൺഗ്രസിന്റെ നിലപാടിനോട് വിയോജിപ്പറിയിച്ച് പാർട്ടി വിട്ട ഇടുക്കി ഡിസിസി മുൻ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു. ബെന്നി പെരുവന്താനമാണ് ബിജെപിയിൽ ചേർന്നത്. ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി സ്വീകരിച്ചു.
വഖഫ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകളിലെ വിയോജിപ്പിനെ തുടർന്നാണ് പാർട്ടി വിടുന്നതെന്ന് തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബെന്നി വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിനെന്നായിരുന്നു ബെന്നിയുടെ ആരോപണം. ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിന് എതിരാണ് പാർട്ടിയുടെ നിലപാടെന്നും ബെന്നി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിജെപിയിൽ അംഗത്വമെടുത്തത്.
2023ൽ മകളുടെ വിദ്വേഷ പ്രസംഗം പങ്കുവെച്ചും ബെന്നി വിവാദത്തിലായിരുന്നു. അമൽ ജ്യോതി കോളേജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചായിരുന്നു വിദ്വേഷ പ്രസംഗം. പ്രത്യേക വിഭാഗത്തിൽ പെട്ട ആളുകൾ ക്രിസ്ത്യൻ സ്ഥാപനങ്ങളെ തകർക്കാൻ നടത്തുന്ന നീക്കമാണ് സമരമെന്നായിരുന്നു പ്രസംഗത്തിലെ ആരോപണം. ഇത് ബെന്നി പങ്കുവെച്ചതോടെ വിവാദമാവുകയും മാപ്പ് പറയുകയും ചെയതിരുന്നു.