ഷുക്കൂർ വധക്കേസ്: പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് വെളിപ്പെടുത്തല്‍
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കണ്ണൂരിലെ അഭിഭാഷകൻ ടി.പി ഹരീന്ദ്രൻ
കണ്ണൂര്‍: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കണ്ണൂരിലെ അഭിഭാഷകൻ ടി.പി ഹരീന്ദ്രൻ. പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും ഹരീന്ദ്രൻ ആരോപിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും താൻ കണ്ടുവെന്നും സമീപകാലത്ത് ഇ.പി ജയരാജൻ വിഭാഗത്തെ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ടി.പി ഹരീന്ദ്രന്റെ ആരോപണം അസംബന്ധമാണന്ന് ലീഗ് കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു.
അതേസമയം ഇ. പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാട് പി.കെ കുഞ്ഞാലിക്കുട്ടി തിരുത്തി. സാമ്പത്തികാരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. തന്റെ ആദ്യ പ്രതികരണം മാധ്യമ സൃഷ്ടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ ദേശാഭിമാനി സെമിനാറില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി പിന്മാറി.
ഭരണപക്ഷ മുന്നണയുടെ കണ്‍വീനറും മുന്‍ മന്ത്രിയുമായ നേതാവിനെതിരെ ശക്തമായ ആരോപണം ഉയർന്നുവന്നിട്ടും അത് ആയുധമാക്കാത്തതിനതിരെ മുസ്ലിം ലീഗില്‍ കടുത്ത വിമർശം ഉയർന്നിരുന്നു.