കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; സിപിഎമ്മിനെ പ്രതിയാക്കിയത് അത്യപൂർവ നടപടി
രാജ്യത്ത് രണ്ടാം തവണയാണ് ഇഡി ഒരു കേസിൽ രാഷ്ട്രീയ പാർട്ടിയെ പ്രതി ചേർക്കുന്നത്
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നേതാക്കൾക്ക് പുറമേ പാർട്ടിയെ പ്രതിയാക്കിയത് അത്യപൂർവ നടപടി. കോടതി നടപടികൾ നേരിടേണ്ടി വരിക ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളാണ്. പാർട്ടിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം .കേസിൽ 68ാം പ്രതിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്.
രാജ്യത്ത് രണ്ടാം തവണയാണ് ഇഡി ഒരു കേസിൽ രാഷ്ട്രീയ പാർട്ടിയെ പ്രതി ചേർക്കുന്നത്. ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനൊപ്പം പ്രതിVചേർത്തിരുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ ഫയൽ ചെയ്യപ്പെട്ട നാഷണൽ ഹെറാൾഡ് കേസിൽ അടക്കം നേതാക്കന്മാരെ പ്രതി ചേർത്തതല്ലാതെ പാർട്ടിയെ പ്രതിചേർത്തിട്ടില്ല.
സിപിഎം ജില്ലാ സെക്രട്ടറി പദവി വഹിക്കുന്ന ആളാണ് കരുവന്നൂർ കള്ളപ്പണം ഇടപാട് കേസിൽ പാർട്ടിയെ പ്രതിനിധീകരിച്ച് കോടതി നടപടികൾ നേരിടേണ്ടിവരിക. ബാങ്കിലെ നിക്ഷേപകരുടെ പണം ബിനാമി വായ്പകൾ ആയി അനുവദിപ്പിച്ച് കമ്മീഷൻ തട്ടിയെടുത്തു. ഈ തുക പാർട്ടിയുടെ അഞ്ചു രഹസ്യ അക്കൗണ്ടുകളിൽ സൂക്ഷിച്ചു, ഈ പണം ഉപയോഗിച്ച് സ്വത്തും കെട്ടിടങ്ങളും സമ്പാദിച്ചു, ലോക്കൽ കമ്മിറ്റിയുടെ ചിലവുകൾ തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താനുള്ള ചിലവുകൾ ഓഫീസ് ഫർണിച്ചർ വാങ്ങൽ തുടങ്ങിയവക്കും കള്ളപ്പണം വിനിയോഗിച്ചു, ബാങ്ക് ഭരണസമിതിക്ക് മുകളിൽ പാർട്ടി സബ് കമ്മിറ്റിയും പാർലമെന്ററി പാർട്ടി ഫ്രാക്ഷനും ഉണ്ടാക്കി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തു തുടങ്ങിയവയാണ് പാർട്ടിക്കെതിരെയുള്ള കണ്ടെത്തലുകൾ.