Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് മുടങ്ങിക്കിടക്കുന്നു. മൂന്ന് വർഷത്തിനിടെ സ്കോളർഷിപ്പ് തുകയായി നൽകാനുള്ളത് 23 കോടിയിലേറെ. ആയിരക്കണക്കിന് വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ.
ക്ഷേമനിധിയിൽ അംഗത്വമുള്ള ഓരോ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്. എന്നാൽ അത് ലഭിച്ചിട്ട് ഇപ്പോൾ രണ്ട് വർഷമായി. ഏകദേശം മലപ്പുറം ജില്ലയിൽ മാത്രം 22,000 കുട്ടികൾക്ക് രണ്ട് വർഷത്തെ സ്കോളർഷിപ് തുകയിൽ ഒരു കോടി 60 ലക്ഷത്തിന് മുകളിൽ ലഭിക്കാനുണ്ട്. സംസ്ഥാനത്ത് മൊത്തം 22 കോടിയോളം രൂപ ഈ ഇനത്തിൽ ലഭിക്കാനുണ്ട്.
സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുള്ള പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിൽ ദൂരെ സ്ഥലനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങി കിടക്കുകയാണ്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്. മൂന്ന് കോടി 70 ലക്ഷം രൂപയാണ് കൊല്ലത്ത് കൊടുക്കാൻ ബാക്കിയുള്ളത്. കോഴിക്കോട് ജില്ലയിൽ മൂന്ന് കോടി 20 ലക്ഷത്തിലധികം രൂപം കുടിശ്ശികയുണ്ട്. ഫീസ് അടക്കാതെ സാഹചര്യത്തിൽ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പിടിച്ചുവെക്കുന്നതായും വിദ്യാർഥികൾ പറയുന്നു.