ബ്രൂവറിയിൽ സര്‍ക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി

നടപടി ക്രമങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ അനുമതി നൽകിയതെന്ന് കോടതി കണ്ടെത്തി

Update: 2025-12-19 07:13 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതിയാണ് റദ്ദാക്കിയത്. നടപടി ക്രമങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ അനുമതി നൽകിയതെന്ന് കോടതി കണ്ടെത്തി. 

എലപ്പുള്ളിയില്‍ ബ്രുവറി പദ്ധതിക്ക് സർക്കാർ പ്രാഥമിക അനുമതി നല്‍കിയത് വിശദമായ പഠനം നടത്താതെയാണെന്ന് കോടതി കണ്ടെത്തി. നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ല. വിശദ പഠനം നടത്തിയും നടപടിക്രമങ്ങള്‍ പാലിച്ചും സർക്കാറിന് പുതിയ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സതീശ് നൈനാന്‍ , ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

Advertising
Advertising

അമിത ജല ചൂഷണം നടത്തുന്നു, കാർഷിക മേഖലക്ക് ആഘാതമുണ്ടാക്കും, പദ്ധതി പ്രദേശം കഞ്ചിക്കോട് വ്യവസായ മേഖലയിലാണെന്ന തെറ്റായ വിവരങ്ങള്‍ നല്‍കി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു.  ബ്രൂവറിക്കുള്ള അനുമതി റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം പറഞ്ഞത് തന്നെയാണ് കോടതിയും പറഞ്ഞത്. വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എലപ്പുള്ളി ബ്രൂവറിക്കുള്ള അനുമതി റദ്ദാക്കിയത്  സർക്കാരിനുണ്ടായ വലിയ തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. സർക്കാർ ജനങ്ങളോട് മാപ്പ് പറഞ്ഞ് പദ്ധതിയിൽ നിന്നും പിന്മാറണം. പിന്നിൽ അഴിമതിയും കൊള്ളയും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എലപ്പുള്ളി പ്രദേശം ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണ്. ഇവിടെ കമ്പനിക്കായി വലിയ തോതില്‍ ജലം എടുക്കുമ്പോള്‍ പ്രദേശം മരുഭൂമിയായി മാറുമെന്നും ഹരജിക്കാര്‍ ആരോപിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് വലിയ വിവാദമായിരുന്നു. ഭൂഗർഭ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. എലപ്പുള്ളിയിലെ 26 ഏക്കർ സ്ഥലമാണ് ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ തങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News