'അവനെ കാണാതെ എന്റെ ഒരു ദിവസം പൂർത്തിയാവില്ല'; എല്ലാ ദിവസവും പ്രിയ സുഹൃത്തിനെ കാണാൻ ഖബറിടത്തിലെത്തുന്ന സുഭാഷ്- അപൂർവ സൗഹൃദം

സ്‌കൂൾ വരാന്തയിൽ 13-ാം വയസിൽ കൈകോർത്തതാണ് സുഭാഷും റസൂൽ ​ഗഫൂറും. പിന്നീടങ്ങോട്ട് നീണ്ട 55 വർഷം ആ കൈകൾ പരസ്പരം വിട്ടില്ല. മരണശേഷം ഈ സൗഹൃദം തുടരുകയാണ്...

Update: 2026-10-04 10:38 GMT

കോഴിക്കോട്: മനുഷ്യർ ജാതിയുടെയും മതത്തിന്റെയും പേരിൽ അകലങ്ങൾ സൃഷ്ടിക്കുന്ന കാലത്ത്, മരണത്തിന് പോലും മായ്ക്കാനാവാത്ത അത്യപൂർവ സൗഹൃദത്തിന്റെ കഥ പറയുകയാണ് കോഴിക്കോട്ടെ മാത്തോട്ടം മസ്ജിദുൽ ഫത്തഹ് ഖബർസ്ഥാൻ. ഇവിടെയുള്ള ഒരു ഖബറിടത്തിന് മുന്നിൽ ദിവസവും മുടങ്ങാതെ എത്തുന്ന ഒരാളുണ്ട്, സുഭാഷ് ചന്ദ്രൻ. അവിടെ അന്ത്യവിശ്രമം കൊള്ളുന്നത് അദ്ദേഹത്തിന്റെ സ്വന്തം റസൂൽ ഗഫൂർ എന്ന ഹൂർലിൻ ഗഫൂറാണ്.

സ്‌കൂൾ വരാന്തയിൽ 13-ാം വയസിൽ കൈകോർത്തതാണ് ഇരുവരും. പിന്നീടങ്ങോട്ട് നീണ്ട 55 വർഷം ആ കൈകൾ പരസ്പരം വിട്ടില്ല. സന്തോഷങ്ങളിലും ബിസിനസിലെ പ്രതിസന്ധികളിലും കണ്ണീരിലും അവർ ഒന്നിച്ചുനിന്നു. ആ സൗഹൃദത്തിന് വിരാമമിട്ട് ഗഫൂർ മൺമറഞ്ഞിട്ടും സുഭാഷിന്റെ ദിനചര്യകൾക്ക് മാറ്റമില്ല.

Advertising
Advertising

''ഭൂമിയിൽ നിന്ന് അവൻ പോയെന്നേ ഉള്ളൂ, എന്റെ മനസിലും ജീവിതത്തിലും അവനിപ്പോഴുമുണ്ട്. എനിക്ക് വിഷമങ്ങൾ വരുമ്പോൾ ആശ്വസിക്കാൻ മറ്റെങ്ങും പോകേണ്ടതില്ല, ഈ ഖബറിടത്തിനരികിൽ വന്നാൽ മതി. എന്റെ മക്കളോ സഹോദരങ്ങളോ അല്ല, എനിക്കെന്റെ എല്ലാം ഈ മണ്ണിൽ കിടക്കുന്നവനാണ്...''- കണ്ഠമിടറിക്കൊണ്ട് സുഭാഷ് പറയുന്നു.

കേരളത്തിലെ വസ്ത്രവിപണിയിൽ 'ഹൂർലിൻ പർദ്ദ' എന്ന സംരംഭത്തിലൂടെ ശ്രദ്ധേയനായ ആളാണ് റസൂൽ ഗഫൂർ. കച്ചവടത്തിലൂടെ കോടികൾ സമ്പാദിച്ചെങ്കിലും അതെല്ലാം നിരാലംബരായ മനുഷ്യർക്ക് ദാനം ചെയ്യുന്നതായിരുന്നു തന്റെ സുഹൃത്തിന്റെ രീതിയെന്ന് സുഭാഷ് ഓർക്കുന്നു. മറ്റുള്ളവരുടെ കാര്യം നീ നോക്കിയാൽ നിന്റെ കാര്യം ഞാൻ നോക്കുമെന്നാണ് അല്ലാഹു പറഞ്ഞത് എന്നായിരുന്നു ഗഫൂർ എപ്പോഴും സുഭാഷിനോട് പറഞ്ഞിരുന്നത്.

ആ വാക്കുകളുടെ പൊരുൾ സുഭാഷിന് ബോധ്യപ്പെട്ടത് ഗഫൂറിന്റെ രോഗകാലത്താണ്. കഠിനമായ രോഗബാധയെ തുടർന്ന് കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ പ്രവേശിപ്പിച്ചപ്പോൾ ചികിത്സാച്ചെലവുകൾ ലക്ഷങ്ങൾ കവിഞ്ഞു. ആധിയിലായ നിമിഷങ്ങളിൽ, ആ ഭീമമായ ആശുപത്രി ബില്ലുകൾ മുഴുവൻ സന്തോഷത്തോടെ അടച്ചുതീർത്തത് ഗഫൂറിന്റെ സഹായഹസ്തം അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയായിരുന്നു. കൊടുക്കുന്ന നന്മകൾ ജീവിതത്തിലേക്ക് എങ്ങനെ മടങ്ങിയെത്തും എന്നതിന് കാലം കാത്തുവെച്ച സാക്ഷ്യമായിരുന്നു അത്.

ആശുപത്രി കിടക്കയിൽ പൂർണ അബോധാവസ്ഥയിലായിരുന്ന ഗഫൂറിന്റെ അരികിലേക്ക് മരണദിവസം രാവിലെ ഒമ്പതുമണിക്ക് സുഭാഷെത്തി. ''ഇതാരാ വന്നിരിക്കുന്നത് നോക്കിക്കേ, നിന്റെ സ്വന്തം സുഭാഷാ...'' എന്ന് കുടുംബാംഗങ്ങൾ പറഞ്ഞതും പതിയെ കണ്ണ് തുറന്ന് സുഭാഷിനെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് ശേഷം ഗഫൂർ പിന്നെ കണ്ണുതുറന്നിട്ടില്ല.

മരണശേഷം തന്റെ പേര് കൊത്തിവെച്ച കല്ലുകൾ സ്ഥാപിക്കരുതെന്ന് ഗഫൂറിന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ, പേരിന് പകരം അദ്ദേഹം ഈ നാടിന് നൽകിയ നന്മകളെയും അടയാളങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട്, ആ ഖബറിടത്തിലെ കല്ലിൽ ഒരൊറ്റ കാര്യമേ ആലേഖനം ചെയ്തിട്ടുള്ളൂ -ഗഫൂറിന്റെ സ്വന്തം കയ്യൊപ്പ്. രക്തബന്ധങ്ങൾ പോലും സ്വത്തിനും താത്പര്യങ്ങൾക്കും വേണ്ടി വഴിപിരിയുന്ന കാലത്ത്, മതത്തിന്റെ അതിരുകളെല്ലാം മാഞ്ഞുപോകുന്ന സ്‌നേഹത്തിന്റെ ഈ സ്മാരകം മനുഷ്യത്വത്തിന്റെ ഏറ്റവും തെളിഞ്ഞ മുഖമാണ് കാണിച്ചുതരുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News