ട്വൻറി 20 നിലപാട് സ്വാഗതാർഹം; തൃക്കാക്കരയിൽ സർക്കാർവിരുദ്ധ വോട്ടുകളില്ലെന്ന് ഇ.പി ജയരാജൻ

ജനക്ഷേമ സഖ്യത്തിന് അവരുടെ നിലപാട് പറയാനുള്ള അധികാരമുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു

Update: 2022-05-22 11:11 GMT
Advertising

എറണാകുളം: തൃക്കാക്കരയിലെ ട്വന്റി 20- ആംആദ്മി സഖ്യത്തിന്‍റെ നിലപാട് സ്വാഗതാര്‍ഹമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ജനക്ഷേമ സഖ്യത്തിന് അവരുടെ നിലപാട് പറയാനുള്ള അധികാരമുണ്ട്. രാഷ്ട്രീയബോധം വെച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പറ‍ഞ്ഞു. തൃക്കാക്കരയിൽ സർക്കാർവിരുദ്ധ വോട്ടുകളില്ല, സര്‍ക്കാരിന് അനുകൂലമാണ് വോട്ടുകളെല്ലാമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

ജനക്ഷേമ സഖ്യത്തിന്‍റെ നിലപാട് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. തീരുമാനത്തിൽ ഒരു തെറ്റുമില്ലെന്നും അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം. പിന്തുണക്കായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വി.ഡി സതീശന്‍ പറ‍ഞ്ഞു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണയില്ലെന്നാണ് ട്വന്റി 20- ആംആദ്മി സഖ്യത്തിന്‍റെ നിലപാട്. ഒരു മുന്നണിക്കും ജനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി, വോട്ടര്‍മാര്‍ വോട്ട് ചെയ്യണമെന്നും ജനക്ഷേമ സഖ്യം ആഹ്വാനം ചെയ്തു. ജനക്ഷേമ സഖ്യം ജയപരാജയം നിർണയിക്കുന്ന ശക്തിയായി മാറിയെന്നും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു.  

ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. 2021 ലഭിച്ചതിനേക്കാള്‍ വോട്ട് സഖ്യത്തിന് ലഭിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നവർ തെരഞ്ഞെടുക്കപ്പെടട്ടേ. മനസാക്ഷി വോട്ട്, സമദൂര വോട്ട് എന്ന് പറഞ്ഞിട്ടില്ല, തീരുമാനം ജനങ്ങൾക്ക് വിടുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News