Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo|Special Arrangement
കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചില്ലെന്ന് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ. മാധ്യമങ്ങളിൽ നിന്നാണ് വാർത്തകൾ അറിഞ്ഞതെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. മത്സരത്തിലെ കേരള ഫുട്ബോൾ അസോസിയേഷന്റെ പങ്ക് വ്യക്തമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
മത്സരം നടക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടും കേരള ഫുട്ബോൾ അസോസിയേഷനിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ വിവരം അറിയിക്കാത്തതിൽ ആശങ്കയുണ്ടെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ കേരളാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
ചട്ടപ്രകാരം അന്താരാഷ്ട്ര ടീമിന്റെ മത്സരം കേരളത്തിൽ നടക്കുമ്പോൾ ജില്ലാ ഫുട്ബോൾ അസോസിയേഷനെ ഔദ്യോഗികമായി വിവരം അറിയിക്കേണ്ടതായിരുന്നു. എന്നാൽ അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. മാധ്യമങ്ങളിൽ നിന്നാണ് വാർത്തകൾ അറിഞ്ഞതെന്നും അസോസിയേഷൻ വ്യക്തമാക്കി.
അർജന്റീന ടീമിന്റെ സന്ദർശനവും കൊച്ചിയിലെ മത്സരവുമായി ബന്ധപ്പെട്ട ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആശയവിനിമയം ലഭിച്ചിട്ടുണ്ടോയെന്നും മത്സരത്തിൽ കേരള ഫുട്ബോൾ അസോസിയേഷന്റെ പങ്കെന്താണെന്നത് വ്യക്തമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.