ദേശീയപാതയിലെ വിള്ളൽ:'കരാറുകാരനെ ഡീ ബാർ ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു'; ഇ.ടി മുഹമ്മദ് ബഷീർ
'ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടിയുണ്ടായേക്കുമെന്നും മന്ത്രി ഉറപ്പ് നൽകി'
ന്യൂഡല്‍ഹി: ദേശീയപാത നിർമാണത്തിലെ അപാകതയിൽ കുറ്റക്കാരനായ കരാറുകാരനെ ഡീ ബാർ ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി. ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടിയുണ്ടായേക്കുമെന്നും ഐഐടി സംഘം പ്രശ്നം പഠിക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
അതേസമയം, കൂരിയാട് ദേശീയപാത തകർന്നത് ദേശീയപാത അതോറിറ്റിയെ കൊണ്ട് തന്നെ പരിഹരിപ്പിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും. ദേശീയപാതയുമായി ബന്ധപ്പെട്ട എല്‍ഡിഎഫിന്‍റെ അവകാശവാദം ന്യായമുള്ളതാണ്. പാതയുടെ സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാനം ചിലവാക്കിയത് അയ്യായിരത്തിലേറെ കോടി രൂപയാണെന്നും മറ്റൊരു സംസ്ഥാനവും ഇത്ര തുക ചെലവാക്കുന്നില്ലെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളൽ രൂപപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ് . മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത് . കഴിഞ്ഞ ദിവസം അപകടം നടന്ന കൂരിയാടിന് സമീപമുള്ള പ്രദേശമാണ് മമ്മാലിപ്പടി . തൃശൂർ ചാവക്കാട് ദേശീയപാത 66 ലും വിള്ളൽ കണ്ടെത്തി. നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ട് കീറിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദേശീയപത അധികൃതർ വിള്ളൽ ടാറിട്ട് മൂടി . കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു .