പ്രവാചക വൈദ്യമെന്ന പേരിൽ വ്യാജ വൈദ്യ കോഴ്‌സ്; ട്രസ്റ്റിനെതിരെ കേസ്

പരാതിക്കാരിൽ നിന്ന് മാത്രമായി സ്ഥാപനത്തിന്റെ അധികൃതർ 1 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്

Update: 2023-11-05 11:25 GMT
Advertising

കോഴിക്കോട്: പ്രവാചക വൈദ്യമെന്ന പേരിൽ വ്യാജ വൈദ്യകോഴ്‌സ് നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ട്രസ്റ്റിനെതിരെ കേസ്. കോഴിക്കോട് കുന്ദമംഗംലത്തെ ത്വിബുന്നബി ട്രസ്റ്റിനെതിരെയാണ് കേസ്. കാരന്തൂർ സ്വദേശി ഷാഫി അബ്ദുല്ല സുഹൂരി എന്ന മുഹമ്മദ് ഷാഫിയാണ് സ്ഥാപന മേധാവി.

21 പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാചക വൈദ്യത്തിന്റെ പേരിൽ കോഴ്‌സ് നടത്തുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയുമായിരുന്നു ട്രസ്റ്റിന്റെ പരിപാടി. പരാതിക്കാരിൽ നിന്ന് മാത്രമായി സ്ഥാപനത്തിന്റെ അധികൃതർ 1 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കോഴ്‌സ് നടത്താൻ സുപ്രിംകോടതി അനുമതി ഉണ്ടെന്ന് കാട്ടി ഒരു വ്യാജരേഖയും ഇയാൾ നിർമിച്ചിരുന്നു. ഇത് കാട്ടിയാണ് കോഴ്‌സിനെത്തുന്നവരിൽ ഇയാൾ വിശ്വാസ്യത നേടിയെടുത്തിരുന്നത്. കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇങ്ങനെയൊരു കോഴ്‌സ് വെച്ച് എവിടെയും ചികിത്സിക്കാൻ കഴിയില്ലെന്നും ആളുകൾ തിരിച്ചറിയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പറ്റിക്കപ്പെട്ടതറിഞ്ഞ് പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഷാഫി കൊടുക്കാൻ കൂട്ടാക്കിയില്ല.

Full View

വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് സ്ഥാപനത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട 12 പേർക്കെതിരെയാണ് കേസ്. സ്ഥാപനം സന്ദർശിച്ച പൊലീസ് രേഖകളൊക്കെ പരിശോധിച്ചു. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് വൈകാതെ കടക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News