'വേങ്ങരയിലെ നിഖാബ് ധരിച്ച സ്ഥാനാർഥി'; പ്രചാരണത്തിന്റെ വസ്തുതയെന്ത്?

വേങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെന്ന പേരിലാണ് നിഖാബ് ധരിച്ച സ്ത്രീയുടെ ഫോട്ടോ പ്രചരിക്കുന്നത്‌

Update: 2025-12-05 14:06 GMT

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ. മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പോസ്റ്ററാണ് നിഖാബ് ധരിച്ച രീതിയിൽ പ്രചരിക്കുന്നത്. സംഘ്പരിവാർ അനുകൂല എക്‌സ് ഹാൻഡിലുകളാണ് പ്രധാനമായും പോസ്റ്റർ പ്രചരിപ്പിക്കുന്നത്.



'മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ, യു ഡി എഫ് സ്ഥാനാർഥി, എസ്.പി ഫാത്തിമ നസീറിനെ വിജയിപ്പിക്കുക' എന്നെഴുതിയ ഒരു പോസ്റ്റർ MahaRathii എന്ന എക്‌സ് അക്കൗണ്ട് വഴി പ്രചരിച്ചിരുന്നു. മുഖവും കയ്യും മറയ്ക്കും വിധമുള്ള നിഖാബ് അണിഞ്ഞ ഒരു സ്ത്രീ രൂപമാണ് പോസ്റ്ററിൽ. 12,000ൽ അധികം ഫോളോവെഴ്സാണ് ഈ അക്കൗണ്ടിനുള്ളത്.

Advertising
Advertising

'കേരള സാർ, വോട്ട് ഫോർ ഫാത്തിമ നസീർ...പക്ഷേ പോസ്റ്ററിൽ ഫാത്തിമ എവിടെ? സ്ഥാനാർഥി ചിഹ്നവും വെറുമൊരു കറുത്ത തുണിയും' എന്നാണ് പോസ്റ്ററിലെ കുറിപ്പ്. ഡിസംബർ രണ്ടാം തിയതി പ്രചരിച്ചു തുടങ്ങിയ ചിത്രം ഇതുവരെ 25000 പേർ കണ്ടിട്ടുണ്ട്. 1100 പേർ ലൈക്ക് ചെയ്ത പോസ്റ്റിന് 100 കമന്റുകളും ലഭിച്ചു. 336 പേരാണ് ചിത്രം റീപോസ്റ്റ് ചെയ്തത്.


വേങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മൈമൂന വ്യാജപ്രചാരണത്തിനെതിരെ നൽകിയ പരാതി

ഫേസ്ബുക്കിൽ, 'കാവിപ്പട' എന്ന പേരിലുള്ള ഒരു വെരിഫൈഡ് അക്കൗണ്ട് വഴിയും ഇതേ ചിത്രം പ്രചരിക്കുന്നുണ്ട്. 1,30,000ൽ അധികം അംഗങ്ങളുള്ള ഒരു തീവ്ര ഹിന്ദുത്വ ഗ്രൂപ്പ് ആണിത്. 'യുഡിഎഫിന്റെ ഒരു സ്ഥാനാർഥിയാണ്... ഇത് അവർ തന്നെയാണ് എന്ന് വ്യക്തമാക്കുന്നവർക്ക് 10 കോടി ഇനാം...യുഡിഎഫുകാരെ നിങ്ങൾ ഇതൊക്കെ ചുമന്നോളൂ'' എന്നാണ് പ്രചരിക്കുന്ന പോസ്റ്റിന്റെ അടിക്കുറിപ്പ്. ഡിസംബർ രണ്ടിന് പോസ്റ്റ് ചെയ്ത ചിത്രത്തിന് 695 ലൈക്ക് ആണ് ഇതുവരെ ലഭിച്ചത്. 158 കമന്റുകൾ ലഭിച്ച പോസ്റ്റ് 169 പേരാണ് ഷെയർ ചെയ്തത്. ഫേസ്ബുക്കിലും ചിത്രം റിപ്പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സമാന പോസ്റ്റ്, ചില ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റ് സെക്ഷനിൽ, സ്റ്റിക്കറുകളായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വസ്തുതയെന്ത്?

ഫാത്തിമ നസീർ എന്ന പേരിൽ ഒരു സ്ഥാനാർഥി തന്നെ വേങ്ങരയിൽ മത്സരിക്കുന്നില്ല. ലീഗ് നേതാവായ എൻ.ടി മൈമൂനയാണ് വേങ്ങര 12-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. 15 വർഷം ജനപ്രതിനിധിയായിട്ടുള്ള ഇവർ വേങ്ങരയിലെ പ്രമുഖ ലീഗ് നേതാവാണ്. വ്യാജ പ്രചാരണത്തിനെതിരെ ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News